പൊരുതി നേടിയ ലൈസൻസ്; ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി പ്രിയങ്ക


ഉത്തർപ്രദേശ് : ജീവിത പ്രതിസന്ധികളോട് പോരാടി വിജയിച്ച പ്രിയങ്ക എന്ന 31 കാരിയുടെ കഥ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവർ എന്ന നേട്ടമാണ് അവർ സ്വന്തമാക്കിയിരിക്കുന്നത്.
‘പിങ്ക് ബസസ്’ എന്ന പേരിൽ ഉത്തർപ്രദേശ് ഗതാഗത വകുപ്പ് വനിതാ ഡ്രൈവർമാർക്ക് അവസരം ലഭിക്കുന്ന പദ്ധതി ആവിഷ്കരിച്ചെങ്കിലും, ഹെവി ലൈസൻസ് ആവശ്യമായിരുന്നതിനാൽ ആരും മുന്നോട്ടു വന്നില്ല. പ്രിയങ്ക ധൈര്യപൂർവ്വം ഡ്രൈവിംഗ് പഠിച്ച് ലൈസൻസ് നേടി പദ്ധതിയിലേക്ക് അപേക്ഷ നൽകി ജോലി നേടുകയും ചെയ്തു. തന്നെപോലുള്ള സ്ത്രീകൾക്കായി ഇത്തരം പദ്ധതി ആവിഷ്കരിച്ച സർക്കാരിന് നന്ദി പറയുന്ന പ്രിയങ്ക, സർക്കാർ വാഹനം ഓടിക്കാൻ സാധിച്ചതിൽ അഭിമാനമുണ്ടെന്നും പറയുന്നു.
മദ്യപാനിയായ ഭർത്താവ് മരണപ്പെട്ടതോടെ, രണ്ട് കുട്ടികളെ വളർത്താനായി പ്രിയങ്ക ഡൽഹി, മുംബൈ എന്നിവിടങ്ങളിലെല്ലാം ജോലി ചെയ്തു. കൗശമ്പി ബസ് ഡിപ്പോയിൽ നിന്നും ലക്നൗ, ഡെറാഡൂൺ, ഋഷികേശ്, മീററ്റ് എന്നീ ദീർഘദൂര റൂട്ടുകളിലേക്കാണ് പ്രിയങ്ക ബസ് ഓടിക്കുന്നത്. ജോലി സ്ഥിരമാകുമെന്ന് തന്നെയാണ് പ്രതീക്ഷ.