ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അതിര്‍ത്തി ഗ്രാമത്തില്‍ നടത്തിവന്ന റോഡ് നിര്‍മാണം തടഞ്ഞ് തമിഴ്‌നാട്


കുമളി: ഇടുക്കി ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് അതിര്‍ത്തി ഗ്രാമത്തില്‍ നടത്തിവന്ന റോഡ് നിര്‍മാണം തടഞ്ഞ് തമിഴ്‌നാട്.ചക്കുപള്ളം പഞ്ചായത്തിലെ 11-ാം വാര്‍ഡില്‍ നടന്നു വന്ന ജോലികളാണ് തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ തടസപ്പെടുത്തിയത്. കുമളി- ചക്കുപള്ളം പഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഏത്തക്കാട്ടുപടി – കുരിശടി റോഡ് പണിയാണ് തമിഴ്‌നാട് വനപാലക സംഘം തടഞ്ഞത്. റോഡിന്റെ അവകാശവാദം ഉന്നയിച്ചായിരുന്നു നിര്‍മാണം തടസപ്പെടുത്തല്‍. റോഡ് പണി ആവശ്യത്തിനായി എത്തിച്ച ജെ.സി.ബിയുടെ താക്കോലും തമിഴ്‌നാട് ഉദ്യോഗസ്‌ഥര്‍ കൈക്കലാക്കി.
ജെ.സി.ബി. കസ്‌റ്റഡിയിലെടുത്ത് കൊണ്ടുപോകാനും ശ്രമം നടന്നു. ചക്കുപളളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്റ് സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് തമിഴ്‌നാട് ഉദ്യോഗസ്‌ഥര്‍ തിരികെ പോവുകയായിരുന്നു. കഴിഞ്ഞ ശനിയാഴ്‌ചയാണ് സംഭവം നടന്നത്. 40 വര്‍ഷമായി കുമളി-ചക്കുപള്ളം പഞ്ചായത്തുകളിലെ 350 ഓളം കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡിനാണ് ഇപ്പോള്‍ തമിഴ്‌നാട് അവകാശ വാദം ഉന്നയിക്കുന്നത്.
വിവിധ ക്രൈസ്‌തവ സഭകള്‍ അവരുടെ സെമിത്തേരിയിലേക്കു പോകാന്‍ ഉപയോഗിക്കുന്നതും ഈ റോഡാണ്. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ അവരുടെ വനഭൂമിയിലേക്ക് പോകാനും ഇതേ റോഡ് ഉപയോഗിക്കുന്നുണ്ട്. രണ്ടര കിലേമീറ്റര്‍ റോഡിന്റെ രണ്ടു കിലോ മീറ്റര്‍ ഭാഗം 2016 ല്‍ 40ലക്ഷം രൂപ ചിലവഴിച്ച് ഇടുക്കി ജില്ലാ പഞ്ചായത്ത് കോണ്‍ക്രീറ്റ് ചെയ്‌തിരുന്നതാണ്. ബാക്കിയുള്ള 535 മീറ്റര്‍ ഭാഗം റോഡിന്റെ രണ്ടാംഘട്ട പണികള്‍ക്ക് 2022 – 23 വര്‍ഷം ജില്ലാ പഞ്ചായത്ത് 25 ലക്ഷം രുപ അനുവദിക്കുകയും ചെയ്‌തിരുന്നു. റോഡ് കോണ്‍ക്രീറ്റിന് ആവശ്യമായ സാധനങ്ങള്‍ എത്തിച്ച് പണികള്‍ ആരംഭിച്ചതോടെ തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്‌ഥര്‍ തര്‍ക്കം ഉന്നയിച്ച് എത്തുകയായിരുന്നു. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്‌ഥര്‍ സായുധരായെത്തിതോടെ ജനങ്ങളും ഭീതിയിലായി. 20 വര്‍ഷം മുമ്ബ് തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് കമ്ബംമെട്ട് മുതല്‍ കുമളി രണ്ടാം മൈല്‍ വരെ താമസിച്ചിരുന്ന നുറു കണക്കിന് കുടുംബങ്ങളുടെ കൃഷി ദേഹണ്ഡങ്ങള്‍ തമിഴ്‌നാട് പോലീസും വനപാലകരും ചേര്‍ന്ന് വെട്ടിനശിപ്പിച്ചിരുന്നു. ഈ സംഭവത്തില്‍ നിരവധിയാളുകളടെ പേരില്‍ കള്ളക്കേസുകളും ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു.
ഇതിനുശേഷം കുമളി മുതല്‍ കമ്ബംമെട്ടു വരെ അതിര്‍ത്തിയിലുടെ തമിഴ്‌നാട് പാത നിര്‍മിക്കുകയും ചെയ്‌തു. ഇപ്പോള്‍ അവകാശവാദം ഉന്നയിക്കുന്ന ഏത്തക്കാട്ടുപടി കുരിശടി റോഡ് ചക്കുപള്ളം പഞ്ചായത്തിന്റെ ആസ്‌തി വിവര പട്ടികയില്‍ പെട്ടതാണെന്ന് പഞ്ചായത്ത് അറിയിച്ചിട്ടുണ്ട്. തമിഴ്‌നാടിന്റെ അവകാശവാദം സംബന്ധിച്ച് ജില്ലാ കലക്‌ടര്‍, ആര്‍.ഡി.ഒ, കുമളി സി.ഐ. എന്നിവര്‍ക്ക് പരാതി നല്‍കിയതായി ചക്കുപള്ളം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാമചന്ദ്രന്‍ പറഞ്ഞു.