വയനാട് വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു

വയനാട്: വയനാട് വാകേരിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവ ചത്തു. ജഡം ബത്തേരിയിലെ പരിശോധന കേന്ദ്രത്തിലേക്ക് മാറ്റി.രണ്ട് ദിവസം മുന്‍പാണ് കടുവ നാട്ടിലിറങ്ങിയത്. ആറ് വയസ്സ് തോന്നിക്കുന്ന പെണ്‍കടുവയാണ് ചത്തത്.
നാരായണപുരം എസ്‌റ്റേറ്റിലാണ് ജഡം കണ്ടെത്തിയത്. കാലിനേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്നുണ്ടായ അണുബാധ ആയിരിക്കാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കാടിനുള്ളിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്നായിരിക്കാം പരിക്കേറ്റത്. അണുബാധ മറ്റ് ശരീര ഭാഗങ്ങളെയും ബാധിച്ചിരിക്കാം. ചീഫ് വെറ്ററിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘമായിരിക്കും പോസ്റ്റുമോര്‍ട്ടം ചെയ്യുക. ഇതിനായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ശിപാര്‍ശ നല്‍കിയതായി അധികൃതര്‍ അറിയിച്ചു.
കടുവയെ പിടികൂടി ചികിത്സ നല്‍കിയ ശേഷം ഉള്‍വനത്തിലേക്ക് അയക്കാന്‍ വനം വകുപ്പ് ശ്രമം തുടരുന്നതിനിടെയാണ് മരണം.