വിനോദസഞ്ചാരികളുമായി തേക്കടി ബോട്ട് ലാന്‍ഡിങ്ങിലേക്ക് പോവുകയായിരുന്ന വനം വകുപ്പ് വാഹനത്തില്‍നിന്ന് പുക ഉയര്‍ന്നത് സഞ്ചാരികളെ പരിഭ്രാന്തരാക്കി

കുമളി: വിനോദസഞ്ചാരികളുമായി തേക്കടി ബോട്ട് ലാന്‍ഡിങ്ങിലേക്ക് പോവുകയായിരുന്ന വനം വകുപ്പ് വാഹനത്തില്‍നിന്ന് പുക ഉയര്‍ന്നത് സഞ്ചാരികളെ പരിഭ്രാന്തരാക്കി.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. തേക്കടി ആനവാചാലിലെ പാര്‍ക്കിങ്ങ് ഗ്രൗണ്ടില്‍നിന്ന് ബോട്ട് ലാന്‍ഡിങ്ങിലേക്ക് വിനോദസഞ്ചാരികളുമായി മിനി ബസ് പോകുന്നതിനിടെ കാടിനുള്ളിലെ ആനക്കൂട് ഭാഗത്തുവെച്ചാണ് വാഹനത്തിന്‍റെ മുന്നില്‍നിന്ന് പുക ഉയര്‍ന്നത്.
ഇതോടെ വാഹനം നിര്‍ത്തി സഞ്ചാരികളെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വിവരം അറിയിച്ചതനുസരിച്ച്, മോക്ഡ്രില്ലിന്‍റെ ഭാഗമായി സമീപത്തെ ചോറ്റുപാറയിലുണ്ടായിരുന്ന രണ്ട് ഫയര്‍ എന്‍ജിന്‍ തേക്കടിയിലേക്ക് പാഞ്ഞെത്തിയെങ്കിലും തീപിടിത്തം ഉണ്ടാകാതിരുന്നതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. വാഹനത്തിലെ ഷോട്ട്സര്‍ക്യൂട്ടാണ് പുക ഉയരാനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം.
വിനോദസഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്ന ഘട്ടത്തില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിലുണ്ടായ പുക, അധികൃതരെയും ആശങ്കയിലാക്കി. തകരാറിലായ വാഹനം മാറ്റിയ ശേഷം മറ്റ് വാഹനങ്ങള്‍ മുഴുവന്‍ ഉപയോഗിച്ചാണ് വ്യാഴാഴ്ച സഞ്ചാരികളെ ബോട്ട് ലാന്‍ഡിങ്ങിലെത്തിച്ച് തിരികെ കൊണ്ടുവന്നത്.