ലോകത്ത് പ്രതിവര്‍ഷം 100 കോടി ടണ്‍ ഭക്ഷണം പാഴാകുന്നുവെന്ന് യുഎന്‍
ന്യൂഡല്‍ഹി: ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ലോകത്ത് ഉത്പ്പാദിപ്പിക്കുന്ന ഭക്ഷണത്തിന്‍റെ അളവും കഴിക്കുന്ന ഭക്ഷണത്തിന്‍റെ അളവും തമ്മിൽ വലിയ അന്തരമുണ്ട്. ഐക്യരാഷ്ട്രസഭയുടെ എന്‍വയോണ്‍മെന്റ് പ്രോഗ്രാമിന്‍റെ 2021 ലെ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് അനുസരിച്ച് പ്രതിവർഷം 1 കോടി ടൺ ഭക്ഷ്യവസ്തുക്കൾ പാഴാകുന്നു. അതായത്, ഉത്പാദിപ്പിക്കപ്പെടുന്ന മൊത്തം ഭക്ഷണത്തിന്‍റെ മൂന്നിലൊന്ന് പാഴാക്കുകയോ മാലിന്യമായി സംസ്കരിക്കുകയോ ചെയ്യുന്നുവെന്നാണ് കണക്കുകൾ.
കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ നഷ്ടം, മലിനീകരണം തുടങ്ങിയ പ്രകൃതി പ്രതിസന്ധികളെ മറികടക്കാൻ ഭക്ഷ്യവ്യവസ്ഥയിലെ പരിഷ്കാരം പ്രധാനമാണെന്ന് യു.എൻ.ഇ.പി റിപ്പോർട്ടിൽ പറയുന്നു. ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്‍റെ 8 മുതൽ 10 ശതമാനം വരെ മാലിന്യമായി വലിച്ചെറിയുന്ന ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അതനുസരിച്ച്, വീടുകളിൽ നിന്നുള്ള ഭക്ഷ്യ മാലിന്യങ്ങൾ ഒരു ആഗോള വെല്ലുവിളിയായി മാറുകയാണ്.
ഭക്ഷ്യോത്പ്പാദനവും ഉപഭോഗവും തമ്മിലുള്ള അന്തരം വർദ്ധിക്കുന്നതിന് കാരണം മാലിന്യങ്ങളുടെ അളവ് വർദ്ധിക്കുന്നതും അതിന്‍റെ പരിപാലനത്തിലെ പരാജയവുമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. യു.എൻ.ഇ.പി.യുടെ ഈ ഭക്ഷ്യമാലിന്യ സൂചിക റിപ്പോർട്ട് ഭക്ഷ്യമാലിന്യത്തിന്‍റെ അളവും സുസ്ഥിര വികസന ലക്ഷ്യത്തിന്‍റെ പുരോഗതിയും അളക്കുന്നതിനുള്ള ഒരു പൊതു രീതി വാഗ്ദാനം ചെയ്യുന്നു. ഭക്ഷ്യമാലിന്യ ഡാറ്റയുടെ ഏറ്റവും സമഗ്രമായ ശേഖരണത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്കുകൾ.