Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ലിറ്റില്‍ കൈറ്റ്‌സ്ഉപജില്ലാ ക്യാമ്പുകള്‍ തുടങ്ങി



ലിറ്റില്‍ കൈറ്റ്‌സ് ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ ജില്ലയിലെ 8 കേന്ദ്രങ്ങളില്‍ 11 ക്യാമ്പുകളിലായി ആരംഭിച്ചു. ഡിസംബര്‍ 26 മുതല്‍ 31 വരെ മൂന്ന് ഘട്ടങ്ങളായാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. ജില്ലയിലെ 90 സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് യൂനിറ്റുകളില്‍ 2401 അംഗങ്ങളുണ്ട്. സ്‌കൂള്‍തല ക്യാമ്പില്‍ മികവ് തെളിയിച്ച 640 കുട്ടികളാണ് ഉപജില്ലാ ക്യാമ്പില്‍ പങ്കെടുക്കുന്നത്. പ്രോഗ്രാമിങ്, അനിമേഷന്‍ വിഭാഗങ്ങളില്‍ നാലുവീതം കുട്ടികളെയാണ് ഓരോ യൂനിറ്റില്‍ നിന്നും ഉപജില്ലാ ക്യാപിന് തെരഞ്ഞെടുത്തിരിക്കുന്നത്. തൊടുപുഴ, കുടയത്തൂര്‍, അടിമാലി, മൂന്നാര്‍, നെടുങ്കണ്ടം, കട്ടപ്പന, ചിന്നാര്‍, പാമ്പനാര്‍ എന്നീ കേന്ദ്രങ്ങളിലാണ് ജില്ലയില്‍ ക്യാമ്പുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ലഹരി വിരുദ്ധ ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന ഗെയിമുകള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഈ വര്‍ഷത്തെ ക്യാമ്പിന്റെ പ്രത്യേകത. ലഹരിയുടെ പിടിയിലകപ്പെടാതെ കുട്ടിയെ സുരക്ഷിതനായി വീട്ടില്‍ എത്തിക്കുന്ന കമ്പ്യൂട്ടര്‍ ഗെയിം പ്രോഗ്രാമിങ് വിഭാഗത്തിലെ കുട്ടികള്‍ പ്രോഗ്രാമിങ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് തയാറാക്കും. ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള ആനിമേഷനുകള്‍ ഓപ്പണ്‍ടൂണ്‍സ് സോഫ്റ്റ്‌വെയറില്‍ ആനിമേഷന്‍ വിഭാഗത്തിലെ കുട്ടികളും തയാറാക്കും. പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് ക്യാമ്പിലെ പരിശീലനവും പ്രവര്‍ത്തനങ്ങളും. ക്യാമ്പിന്റെ രണ്ടാം ദിവസം കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് ക്യാമ്പംഗങ്ങളുമായി ഓണ്‍ലൈനായി ആശയവിനിമയം നടത്തും.
ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ തയ്യാറാക്കാന്‍ സഹായിക്കുന്ന ഓപ്പണ്‍സോഴ്‌സ് സോഫ്റ്റ്‌വെയറായ ആപ്പ് ഇന്‍വെന്റര്‍ ഉപയോഗിച്ചുള്ള മൊബൈല്‍ ഗെയിം, നല്ല ആരോഗ്യശീലങ്ങള്‍ മാറിമാറി നല്‍കുന്ന ആപ്പ് എന്നിവയുടെ നിര്‍മാണം, ത്രീഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ ബ്ലെന്‍ഡര്‍, റ്റുഡി അനിമേഷന്‍ സോഫ്റ്റ്‌വെയറായ ഓപ്പണ്‍ടൂണ്‍സ് എന്നിവ ഉപയോഗിച്ചുള്ള അനിമേഷന്‍ നിര്‍മാണം, സൈബര്‍ സുരക്ഷ സംബന്ധിച്ച ചര്‍ച്ചകള്‍, അവതരണങ്ങള്‍ എന്നിവയാണ് ദ്വിദിന ക്യാമ്പിലെ മറ്റ് പ്രധാന പരിശീലന മേഖലകള്‍. ഹൈടെക് സംവിധാനങ്ങള്‍ ക്ലാസ് മുറികളില്‍ പ്രവര്‍ത്തിപ്പിക്കാനും പരിപാലിക്കാനും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സജ്ജമാക്കുന്ന പാഠഭാഗങ്ങളും ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
ഉപജില്ലാ ക്യാമ്പിലെ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ റവന്യൂജില്ലാ ക്യാമ്പിലേക്കുള്ള കുട്ടികളെ തെരഞ്ഞെടുക്കും. ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സിലും, ബ്ലെന്റര്‍ 3 ഡി ആനിമേഷന്‍ സോഫ്റ്റ്‌വെയറിലും പരിശീലനം നല്‍കും.


ചിന്നാര്‍ സെന്റ്. ജോസഫ്‌സ് ഹൈസ്‌കൂളില്‍ നടക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പില്‍ റോബോട്ടിക്‌സ്, അനിമേഷന്‍ വിഭാഗങ്ങളില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!