ഇന്ത്യയുമായി യോജിച്ച് പ്രവർത്തിക്കാൻ തയാറെന്ന് ചൈന
ന്യൂഡൽഹി: ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറെന്ന് ചൈന. അതിർത്തിയിലെ സുസ്ഥിരതയ്ക്ക് ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണ്. നയതന്ത്ര, സൈനിക തലങ്ങളിൽ ആശയവിനിമയം തുടരുകയാണ്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ചൈന തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. അരുണാചൽ പ്രദേശിലെ തവാങ് അതിർത്തിയിലെ സംഘർഷത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രസ്താവന.
ഡിസംബർ 9നാണ് ഇന്ത്യയും ചൈനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ചൈനീസ് സൈന്യം ഇന്ത്യൻ ഭാഗത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഒമ്പത് സൈനികർക്ക് പരിക്കേറ്റു.
തവാങ് സംഘർഷത്തിന് തൊട്ടുപിന്നാലെ അതിർത്തിയോട് ചേർന്നുള്ള ടിബറ്റൻ വ്യോമത്താവളങ്ങൾ കേന്ദ്രീകരിച്ച് ചൈന ധാരാളം ഡ്രോണുകളും യുദ്ധവിമാനങ്ങളും വിന്യസിച്ചതായി സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ഇതെന്നാണ് റിപ്പോർട്ടുകൾ.