ചെറുതോണിയില്‍ സ്വകാര്യബസ് കയറ്റത്തില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഇറങ്ങി പോയി. പിന്നോട്ടേക്ക് ഉരുണ്ട ബസിന് തുണയായത് പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ്.
ഇടുക്കി: ചെറുതോണിയില്‍ സ്വകാര്യബസ് കയറ്റത്തില്‍ നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ഇറങ്ങി പോയി. പിന്നോട്ടേക്ക് ഉരുണ്ട ബസിന് തുണയായത് പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ്.ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് 6.30 ന് ചെറുതോണി ടൗണില്‍ ആയിരുന്നു സംഭവം.
തൊടുപുഴയില്‍ നിന്നും തോപ്രാംകുടിക്ക് പോയ പ്രകാശ് ബസിലെ ഡ്രൈവര്‍ ആണ് ബസ് കയറ്റത്തില്‍ നിര്‍ത്തിയിട്ട് ഇറങ്ങിപോയത്. ഇതോടെ ബസ് പിറകിലേക്ക് ഉരുളാനും തുടങ്ങി. ബസില്‍ യാത്രക്കാരുള്ളപ്പോഴാണ് സംഭവം. പിന്നോട്ടുരുണ്ടു വന്ന സ്വകാര്യ ബസിനെ പിന്നാലെ വന്ന കെ എസ് ആര്‍ ടി സി ബസ് താങ്ങി നിര്‍ത്തിയതിനാലാണ് വന്‍ അപകടം ഒഴിവായത്.കട്ടപ്പനയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ കെ എസ് ആര്‍ ടി സി ബസ് ആണ് സ്വകാര്യ ബസിനും യാത്രക്കാര്‍ക്കും മുന്നില്‍ രക്ഷകനായി അവതരിച്ചത്. ക്രിസ്മസ് പ്രമാണിച്ച് ചെറുതോണി ടൗണില്‍ വലിയ ജന തിരക്കുള്ള സമയത്താണ് സംഭവം നടക്കുന്നത് എന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്.അതിനിടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് നിര്‍ത്തിയതിനെതിരേ ജീവനക്കാരും യാത്രക്കാരും തമ്മില്‍ വാക്കേറ്റവും ഉണ്ടായി. ബസ് തിരികെ എത്തിയാല്‍ ഉടനെ ആര്‍ ടി ഒ യ്ക്ക് പരാതി നല്‍കുമെന്ന് കെ എസ് ആര്‍ ടി സി ജീവനക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.നിറയെ യാത്രക്കാരുമായി എത്തിയ ബസ് സ്റ്റോണേജ് ഓഡിറ്റോറിയത്തിനു മുന്നിലെ കുത്തിറക്കത്തില്‍ നിര്‍ത്തിയിട്ടായിരുന്നു ഡ്രൈവര്‍ ഇറങ്ങി പോയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ബസ് നിര്‍ത്തിയ സംഭവം ശ്രദ്ധയില്‍പെട്ടെന്നും സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കും എന്നും ഇടുക്കി ആര്‍ ടി ഒ ആര്‍.രമണന്‍ അറിയിച്ചിട്ടുണ്ട്.