ഇടുക്കി ജില്ലയിൽ കോവിഡ് ഭീതി പടർത്തി യാചകർ
ഇടുക്കി : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തമിഴ്നാട്ടില്‍ നിന്നും ഇടുക്കിയിലേക്ക് യാചകര്‍ എത്തുന്നു. യാചന നിരോധിത മേഖലയായിരുന്നിട്ടും നിരവധി യാചകരാണ് തമിഴ്‌നാട്ടില്‍ നിന്നും കുമളിയിലേക്ക് എത്തുന്നത് . കുമളി ബസ് സ്റ്റാന്റിനോട് ചേര്‍ന്ന ബൈപ്പാസ് റോഡില്‍ വഴിയോരത്തിരുന്ന് ഭിക്ഷ യാചിക്കുന്നവരെ നിയന്ത്രിക്കാനും നടപടിയില്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ച കാലയളവില്‍ മാത്രമാണ് യാചകര്‍ അതിര്‍ത്തിക്കിപ്പുറത്തേക്ക് വരാതിരുന്നത്. ഗുഡല്ലൂര്‍, കമ്പം പ്രദേശങ്ങളില്‍ നിന്നും അതിരാവിലെ എത്തുന്ന യാചകര്‍ വൈകുന്നേരമാണ് മടങ്ങുന്നത്. ചിലര്‍ ടൗണിലെ കട തിണ്ണകളില്‍ അന്തിയുറങ്ങി ഭിക്ഷാടനം തുടരുന്നു. ഏറെ പേരും തമിഴ്‌നാട്ടില്‍ നല്ല സാമ്പത്തിക സ്ഥിതിയുള്ളവരാണെന്നാണ് ഇവരെ അറിയാവുന്ന തമിഴ്‌നാട് സ്വദേശികള്‍ പറയുന്നത്. മക്കള്‍ സര്‍ക്കാര്‍ ജോലിക്കാരായുള്ളവര്‍ പോലും യാചകരായി എത്തുന്നവരായുണ്ട്. മക്കളുടെ കണ്ണ് വെട്ടിച്ച് വീട്ടില്‍ നിന്നിറങ്ങുന്ന ഇവര്‍ വൈകുന്നേരങ്ങളിലാണ് വീടുകളിലെത്തുന്നത്. ദിവസം ആയിരവും ആയിരത്തി അഞ്ഞൂറും രൂപ വരെ സമ്പാദിക്കുന്നവരുണ്ട്. ഭിക്ഷ യാചിച്ച് സമ്പാദിക്കുന്ന പണം പലരും തമിഴ്‌നാട്ടില്‍ വട്ടി പലിശക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. കോവിഡ് വ്യാപനം അധികമാകുന്ന സാഹചര്യത്തില്‍ യാചകരുടെ നുഴഞ്ഞുകയറ്റം ഭീഷണിയാണ്.
image source: internet