ബംഗ്ലാദേശിനെതിരെ രക്ഷകരായി ശ്രേയസ് അയ്യരും അശ്വിനും; ഇന്ത്യയ്ക്ക് പരമ്പര
ധാക്ക: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിനെ വീഴ്ത്തി ഇന്ത്യ. 145 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ജയത്തോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ആദ്യ മത്സരം ഇന്ത്യ 188 റൺസിന് വിജയിച്ചിരുന്നു.
അവസാന ദിനം കളി ആരംഭിക്കുമ്പോള്‍ ആറ് വിക്കറ്റുകള്‍ കയ്യിലുണ്ടായിരുന്ന ഇന്ത്യക്ക് ജയം നൂറ് റണ്‍സ് വിദൂരമായിരുന്നു. 45ന് നാല് എന്ന സ്‌കോറില്‍ കളി തുടങ്ങിയ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ 29 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഉനദ്കട്ട്, റിഷഭ് പന്ത്, അക്ഷർ പട്ടേൽ എന്നിവർ പുറത്തായപ്പോൾ ബംഗ്ലാദേശിന് മുന്നിൽ 74 റൺസിന് 7 എന്ന നിലയിൽ കളി തോറ്റേനെയെന്ന് തോന്നിച്ചെങ്കിലും ശ്രേയസ് അയ്യരും രവിചന്ദ്രൻ അശ്വിനും ചേർന്ന് ഇന്ത്യയുടെ ജയം ഉറപ്പിച്ചു.
എട്ടാം വിക്കറ്റിൽ അശ്വിനും അയ്യരും ചേർന്ന് 71 റൺസ് കൂട്ടിച്ചേർത്തു. 42 റൺസ് നേടിയ ആർ അശ്വിനാണ് ഇന്ത്യയുടെ ടോപ് സ്കോറർ. മുൻനിര ബാറ്റർമാര്‍ രണ്ടക്കം കടക്കാതെ പുറത്തായപ്പോൾ ഓൾ റൗണ്ടർ അക്സർ പട്ടേൽ 69 പന്തിൽ 34 റൺസെടുത്തു. ഒരു റണ്‍സ് നേടി നില്‍ക്കെ അശ്വിൻ്റെ ക്യാച്ച് ഫോര്‍വേഡ് ഷോട്ട് ലെഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന മൊമിനുള്‍ ഹഖ് വിട്ടുകളഞ്ഞത് മത്സരഫലത്തില്‍ നിര്‍ണായകമായി.