ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കുന്നില്ല; എൻജിഒകളിലെ വനിതകളെ പിരിച്ച് വിടണമെന്ന് താലിബാൻ
കാബൂൾ: സർവകലാശാലകളിൽ നിന്ന് സ്ത്രീകളെ വിലക്കിയതിന് പിന്നാലെ താലിബാൻ മറ്റൊരു സ്ത്രീവിരുദ്ധ ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. രാജ്യത്തെ എല്ലാ പ്രാദേശിക, വിദേശ എൻജിഒകൾക്കും വനിതാ ജീവനക്കാരെ പിരിച്ച് വിടാനുള്ള ഉത്തരവ് താലിബാൻ ഭരണകൂടം നൽകി. സ്ത്രീകൾ ഇസ്ലാമിക രീതിയിൽ വസ്ത്രം ധരിക്കാത്തതിനാൽ സർക്കാർ ഇതര സംഘടനകളിലെ (എൻജിഒ) വനിതാ ജീവനക്കാർക്ക് ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്യാൻ അനുവാദമില്ലെന്ന് ധനകാര്യ മന്ത്രാലയ വക്താവ് അബ്ദുറഹ്മാൻ ഹബീബ് വ്യക്തമാക്കി.
സർവകലാശാലകളിൽ സ്ത്രീകൾ പ്രവേശിക്കുന്നത് നിരോധിച്ച് കൊണ്ടുള്ള ഉത്തരവിന് തൊട്ടുപിന്നാലെയാണ് എൻജിഒകളിലും സ്ത്രീകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. താലിബാൻ ഭരണകൂടത്തിന്‍റെ നടപടിയിൽ പ്രതിഷേധം ഉയർന്നിരുന്നു.
താലിബാന്‍റെ തീരുമാനം അഫ്ഗാനിലെ മനുഷ്യാവകാശ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്കിടയിൽ അംഗീകാരം നേടുന്നതിനും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുന്നതിനുമുള്ള താലിബാന്‍റെ ശ്രമങ്ങൾക്ക് പുതിയ തീരുമാനങ്ങൾ തിരിച്ചടിയാകും.