ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്

തിരുവനന്തപുരം : ബഫര്‍സോണ്‍ പ്രശ്നത്തില്‍ സര്‍ക്കാരിന് മുന്നില്‍ പരാതി പ്രളയം.12000 ലേറെ പരാതികളാണ് ഇത് വരെ കിട്ടിയത്.ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ടിന്മേലും ഇന്നലെ പ്രസിദ്ധീകരിച്ച ഭൂപടത്തിന്മേലും ആണ് പരാതികള്‍. സ്വന്തം വീടുകളും കെട്ടിടങ്ങളും ബഫര്‍ പരിധിയില്‍ പെട്ടതിന്റെ ഫോട്ടോകള്‍ സഹിതമാണ് പല പരാതികളും. ജനുവരി 11 ന് സുപ്രീം കോടതി കേസ് പരിഗണിക്കും മുന്‍പ് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ടുകള്‍ പുതുക്കി നല്‍കണം എന്നതാണ് സര്‍ക്കാരിന് മുന്നിലെ വെല്ലുവിളി.
അതേ സമയം സൈലന്റ് വാലി ദേശീയോദ്യാനത്തിന് ചുറ്റുമുള്ള പരിസ്ഥിതി ലോല പ്രദേശത്തിന്റെ ആകാശ സര്‍വേ ഭൂപടത്തില്‍ പിഴവുണ്ടെന്നാണ് ഡിഎഫ്‌ഒ എസ്. വിനോദ് അറിയിക്കുന്നത്. സൈലന്റ് വാലിക്ക് നേരത്തെ തന്നെ ബഫര്‍ സോണ്‍ ഉള്ളതിനാല്‍, കൂട്ടിച്ചേര്‍ക്കല്‍ വേണ്ടിവരില്ല. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎഫ്‌ഒ അറിയിച്ചു.
ബഫര്‍സോണ്‍ : യുഡിഎഫിന് ജനകീയ കണ്‍വെന്‍ഷന്‍ വഴി മറുപടി നല്‍കി സിപിഎം
ബഫര്‍സോണ്‍ വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങുന്ന യുഡിഎഫിന് ജനകീയ കണ്‍വെന്‍ഷന്‍ വഴി മറുപടി നല്‍കി സിപിഎം. ബഫര്‍ സോണ്‍ യാഥാര്‍ത്ഥ്യമെന്നും ഇതംഗീകരിക്കണമെന്നും കോഴിക്കോട് കൂരാച്ചുണ്ടില്‍ നടന്ന ജനകീയ കണ്‍വെന്‍ഷനില്‍ ജോയ്സ് ജോര്‍ജ്ജ് പറഞ്ഞു. മലയോര മേഖലയിലെ അന്‍പതോളം കര്‍ഷകരാണ് കൂരാച്ചുണ്ടില്‍ നടന്ന കണ്‍വെന്‍ഷനെത്തിയത്.
ബഫര്‍സോണ്‍ വിഷയത്തില്‍ പ്രതിരോധം തീര്‍ക്കുന്നതിന്‍റെ ആദ്യപടിയായാണ് ജനകീയ കണ്‍വെന്‍ഷന്‍. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ദേവിന്‍റെ നേതൃത്വത്തിലാണ് കൂരാച്ചുണ്ട്, ചക്കിട്ടപാറ, പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ എന്നിവരെയുള്‍ക്കൊളളിച്ച് കൂരാച്ചുണ്ടില്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്. ഹൈറേഞ്ച് സമരസമിതിയുടെ അമരത്തുണ്ടായിരുന്ന ഇടുക്കി മുന്‍ എംപി ജോയ്സ് ജോര്‍ജ്ജ് തന്നെ സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാനെത്തി. മലയോര ജനതയുടെ ആശങ്ക സ്വാഭാവികമാണ്. പക്ഷേ, ബഫര്‍സോണ്‍ അംഗീകരിച്ചേ പറ്റൂ എന്നും ജോയ്സ് ജോര്‍ജ്ജ് വിശദീകരിച്ചു. കണ്‍വെന്‍ഷനില്‍ വിപുലമായ കര്‍ഷക പ്രാതിനിധ്യം ആദ്യഘട്ടില്‍ ഉള്‍ക്കൊളളിക്കാനായില്ലെങ്കിലും അടുത്ത ഘട്ടത്തില്‍ രാഷ്ട്രീയ വിശദീകരണയോഗം സിപിഎം സംഘടിപ്പിക്കുന്നുണ്ട്. ഈമാസം 28 ന് ചക്കിട്ടപാറയിലാണ് പൊതുയോഗം.