സംസ്ഥാനപാതക്കരികിലെ വന്മരം മുറിച്ച് അനുമതിയില്ലാതെ മാറ്റുന്നു

വേങ്ങര: സംസ്ഥാനപാതക്കരികിലെ വന്മരം മുറിച്ച് അനുമതിയില്ലാതെ മാറ്റുന്നു. അധികൃതരുടെ അറിവില്ലാതെ കഴിഞ്ഞ ദിവസം രാത്രിയാണ് മരത്തിന്റെ ശിഖരങ്ങള്‍ വെട്ടിമാറ്റിയത്.വേങ്ങര ടൗണില്‍ പിക് അപ്പ് സ്റ്റാന്‍ഡിനടുത്ത് തണല്‍ വിരിച്ചിരുന്ന ചീനിമരത്തിന്റെ വലിയ ശിഖരങ്ങളാണ് മുറിച്ചുമാറ്റിയ നിലയില്‍ കണ്ടെത്തിയത്.റോഡരികിലെ മരങ്ങള്‍ പൊതുമരാമത്ത് വകുപ്പ് ആണ് മുറിച്ചുമാറ്റേണ്ടത്. സഞ്ചാരതടസ്സമോ അപകട സാധ്യതയോ ഉള്ള മരങ്ങള്‍ മുറിച്ചുമാറ്റുന്നതിന് വനം വകുപ്പ് അധികൃതരുടെ അനുമതിയും ആവശ്യമുണ്ട്. മാത്രമല്ല വനം വകുപ്പ് നിശ്ചയിച്ച വിലയില്‍ പൊതുമരാമത്ത് വകുപ്പ് ടെന്‍ഡര്‍ നടത്തി ലേലം വിളിച്ച് വില്‍പന നടത്തിയ ശേഷമേ മരങ്ങള്‍ മുറിക്കാവൂ എന്ന് പൊതുമരാമത്ത് അധികൃതര്‍ വ്യക്തമാക്കി.എന്നാല്‍ പാതയോരത്തെ മരം മുറിച്ചുമാറ്റാന്‍ സ്വകാര്യ വ്യക്തി പൊതുമരാമത്ത് വകുപ്പിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇത് വനം വകുപ്പിന് കൈമാറിയിട്ടേ ഉള്ളുവെന്ന് അധികൃതകര്‍ പറയുന്നു.ബന്ധപ്പെട്ട വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് മുമ്ബ് അര്‍ധരാത്രി മരം മുറിച്ചുമാറ്റിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് പൊതുജനം ആവശ്യപ്പെടുന്നു.വേങ്ങര ടൗണില്‍ മരം മുറിച്ചുമാറ്റുന്നതിന് ഗ്രാമപഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെന്നും പഞ്ചായത്തിന്റെ അറിവോടെയല്ല മരംമുറി നടന്നതെന്നും പ്രസിഡന്റ് കെ.പി. ഹസീന ഫസല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.