കന്നുകാലികള്‍ക്ക് മാരകരോഗം വ്യാപിക്കുന്നതായും ബീഫ് അടക്കം ഇറച്ചി കഴിക്കരുതെന്നും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിലര്‍ പ്രചരിപ്പിച്ച വ്യാജപ്രചാരണം കന്നുകാലി കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു

ഒറ്റപ്പാലം: കന്നുകാലികള്‍ക്ക് മാരകരോഗം വ്യാപിക്കുന്നതായും ബീഫ് അടക്കം ഇറച്ചി കഴിക്കരുതെന്നും പറഞ്ഞ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി ചിലര്‍ പ്രചരിപ്പിച്ച വ്യാജപ്രചാരണം കന്നുകാലി കച്ചവടത്തെ സാരമായി ബാധിച്ചതായി വ്യാപാരികള്‍ പറയുന്നു.ഇന്നലെ നടന്ന വാണിയംകുളം ചന്തയുടെ വ്യാപാരത്തെയും ഇത് ബാധിച്ചു. ശരീരത്തില്‍ മുഴകള്‍ പൊട്ടിയ കന്നുകാലികളുടെ ചിത്രങ്ങളും വീഡിയോയും പകര്‍ത്തി ചിലര്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യ മാധ്യമങ്ങള്‍ വഴി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു.കന്നുകാലികള്‍ കുളപ്പുള്ളി, വാണിയംകുളം, ഒറ്റപ്പാലം മേഖലകളില്‍ മാരക രോഗം ബാധിച്ച് ചാവുന്നതായും ആരും കന്നുകാലി ഇറച്ചി കഴിക്കരുതെന്നും പറഞ്ഞായിരുന്നു പ്രചാരണം. ശരീരമാസകലം വലിയ മുഴകള്‍ വന്ന കന്നുകാലികളുടെ വീഡിയോയും ചിത്രങ്ങളും ഉപയോഗിച്ചായിരുന്നു പ്രചാരണം. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ ബോധ്യപ്പെടുത്തി ഇന്നലെ വാണിയംകുളം ചന്തയിലെത്തിയ വ്യാപാരികളും കന്നുകാലികളുടെ ചിത്രങ്ങളും വീഡിയോയും സാമൂഹ്യ മാധ്യമങ്ങള്‍ വഴി നല്‍കി. ചന്തയിലെത്തിയ നൂറ് കണക്കിന് പോത്ത്, എരുമ, പശു, മൂരി മുതലായ കന്നുകാലികളെ വീഡിയോ സഹിതം കാണിച്ച് ഇവയുടെ ആരോഗ്യസ്ഥിതി ബോധ്യപ്പെടുത്തി.