വിമാന യാത്രയ്‌ക്കിടെ കുഞ്ഞിന് ജന്മം നല്‍കി യുവതി. ഗര്‍ഭിണിയാണെന്നറിയാതെയാണ് വിമാനത്തില്‍ യാത്ര ചെയ്തതെന്നുള്ള വിചിത്ര മറുപടിയുടെ ഞെട്ടലിലാണ് യാത്രക്കാരും ജീവനക്കാരും

ഇക്വഡോറിലെ ഗുയാക്വിലില്‍ നിന്ന് ആംസ്റ്റര്‍ഡാമിലേക്കുള്ള കെഎല്‍എം റോയല്‍ എന്ന ഡച്ച് വിമാനത്തിലാണ് സംഭവം. ഇക്വഡോറില്‍ നിന്ന് സ്‌പെയിനിലേക്കുള്ള യാത്രയിലായിരുന്നു യുവതി. ആംസ്റ്റര്‍ഡാമില്‍ എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് യുവതിക്ക് വയറുവേദനയുണ്ടായി. വിമാനത്തിലെ വാഷ്‌റൂമില്‍ വെച്ചാണ് ടമാര എന്ന യുവതി പ്രസവിച്ചത്.കടുത്ത വയറുവേദനു അനുഭവപ്പെട്ടതോടെ വാഷ് റൂമില്‍ പോകുകയായിരുന്നുവെന്ന് സ്പാര്‍നെ ഗാസ്തുയിസ് ഹാര്‍ലെം സുയിഡ് ഹോസ്പിറ്റലിന്റെ വക്താവ് പറഞ്ഞു. താന്‍ ഗര്‍ഭിണിയാണെന്ന് ടമാരക്ക് അറിയില്ലായിരുന്നുവെന്നും സംഭവത്തില്‍ ഞെട്ടിപ്പോയെന്നുമാണ് അധികൃതര്‍ പ്രതികരിച്ചത്. ഓസ്ട്രിയയില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരും ഒരു നഴ്സും വിമാനത്തിലുണ്ടായിരുന്നു. ഇവരാണ് യുവതിക്ക് ആവശ്യമായ പരിചരണം നല്‍കിയതെന്ന് എയര്‍ലൈന്‍ വക്താവ് പറഞ്ഞു. ഡോക്ടര്‍മാരോടും നഴ്‌സിനോടും വിമാനക്കമ്ബനി കടപ്പെട്ടിരിക്കുന്നുവെന്നും വക്താവ് അറിയിച്ചു.വിമാനത്തില്‍ ടമാരയെ സഹായിച്ച യാത്രക്കാരില്‍ ഒരാളായ മാക്‌സിമിലിയാനോ എന്നയാളുടെ പേരുതന്നെയാണ് കുഞ്ഞിനും നല്‍കിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് കെഎല്‍എം എയര്‍ലൈന്‍ അറിയിച്ചു. ഷിഫോളില്‍ എത്തിയപ്പോള്‍ അമ്മയെയും നവജാത ശിശുവിനെയും ആംബുലന്‍സില്‍ സ്പാര്‍നെ ഗാസ്തൂയിസിലേക്ക് കൊണ്ടുപോയതായും ഇവര്‍ അറിയിച്ചു.