ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ : നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് – റവന്യൂ മന്ത്രി

ഇടുക്കിയിലെ ഭൂ പ്രശ്നങ്ങള്‍ : നിയമ ഭേദഗതിയുമായി സര്‍ക്കാര്‍ മുന്നോട്ട് – റവന്യൂ മന്ത്രി
1960 ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ പതിച്ചു നല്‍കിയ ഭൂമി പതിച്ച് കൊടുത്ത ആവശ്യങ്ങള്‍ക്കല്ലാതെ വിനിയോഗിച്ചത് മൂലം പതിവ് റദ്ദാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നിയമ നിര്‍മ്മാണം സര്‍ക്കാരിന്റെ സജ്ജീവ പരിഗണനയിലാണെന്ന് റവന്യൂ മന്ത്രി നിയമസഭയെ അറിയിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ നിയമ ചട്ട ഭേദഗതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പരിശോധിച്ച് വരികയാണ്. പ്രതിപക്ഷ നേതാവ് ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. അത്യന്തികമായ പ്രശ്ന പരിഹാരത്തിന് ചട്ടഭേദഗതി മാത്രം പോര എന്നും നിയമഭേദഗതി തന്നെ വേണ്ടി വരുമെന്നും അത്തരത്തില്‍ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആയത് തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറല്‍, നിയമ – റവന്യൂ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഈ വിഷയം സംബന്ധിച്ച് കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ നിയമവും ചട്ടവും ഭദഗതി ചെയ്യുന്നതിന് കോടതിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ആയതിനാലാണ് ഇക്കാര്യത്തില്‍ കാലതാമസമുണ്ടായിട്ടുള്ളത്.
കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സര്‍ക്കാര്‍ രണ്ടായാണ് കാണുമെന്നും കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നതിനോടൊപ്പം തന്നെ കുടിയേറ്റക്കാരായ കര്‍ഷകരുടെ അര്‍ഹതക്കനുസരിച്ച് ഭൂമി പതിച്ച് നല്‍കുന്നതിനും നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടയ വിതരണത്തിനുവേണ്ടി ഇടുക്കി ജില്ലയില്‍ ആരംഭിച്ചിട്ടുള്ള സ്പെഷ്യല്‍ ഭൂമി പതിവ് ഓഫീസുകള്‍ നിര്‍ത്തലാക്കില്ലെന്നും അവസാനത്തെ പട്ടയം വിതരണം ചെയ്യുന്നതു വരെ ഈ ഓഫീസുകള്‍ നിലനിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ബഹു. ഹൈകോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇടുക്കി ജില്ലയില്‍ വാണിജ്യ നിര്‍മ്മാണങ്ങള്‍ക്ക് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളതും. എന്‍ഓസി നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കുലറുകള്‍ പുറപ്പെടുവിച്ചിട്ടുള്ളതും. തുടര്‍ന്ന് ബഹു. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് നല്‍കുന്ന കൈവശസര്‍ട്ടിഫിക്കറ്റുകളില്‍ ഭൂമി എന്താവശ്യത്തിനാണ് പതിച്ച് നല്‍കിയതെന്ന് വ്യക്തമാക്കണമെന്നും നിര്‍ദ്ദേശിക്കുകയുണ്ടായി. ഇതിനെതിരെ സര്‍ക്കാര്‍ ബഹു. സുപ്രീംകോടതി മുന്‍പാകെ ഫയല്‍ ചെയ്ത സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സുപ്രീംകോടതി തള്ളുകയാണ് ചെയ്തത് എന്നും മന്ത്രി വ്യക്തമാക്കി.