കേരളത്തിലെ കാർഷിക മേഖലയുടെ കനത്ത വില തകർച്ചയിൽ കോൺഗ്രസ് പ്രക്ഷോഭമാരംഭിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ എം പി.

കൊച്ചിയിൽ ചേർന്ന കോൺഗ്രസ് രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
പരമ്പരാഗത വ്യവസായങ്ങളും, കയർ, കശുവണ്ടി മേഖലകളും നേരിടുന്ന പ്രതിസന്ധികൾ കടുത്ത ആശങ്ക ഉളവാക്കുന്നതാണ്. നെല്ലും റബറും നാണ്യവിളകളും നേരിടുന്ന കനത്ത വിലത്തകർച്ചയിൽ സർക്കാർ ഫലപ്രദമായി ഇടപെടുന്നില്ല.
ഒരു വശത്ത് അരിവിലയുൾപ്പെടെ എല്ലാറ്റിനും കനത്ത വിലക്കയറ്റം. മറുവശത്ത് കാർഷികവിളകളുടെ വില കുത്തനെ താഴേക്ക്.കുട്ടനാട്ടിൽ നെല്ല് സംഭരണം പോലും യഥാസമയം സർക്കാർ ചെയ്തില്ല. ഇതിനെല്ലാമെതിരെ കർഷകരെയും ജനങ്ങളെയും അണിനിരത്തി കോൺഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് തുടക്കം കുറിക്കുകയാണെന്ന് കെ പി സി സി പ്രസിഡൻറ് പറഞ്ഞു.
സംസ്ഥാനത്ത് തഴച്ചു വളരുന്ന ലഹരിമാഫിയക്ക് ഗ്രാമ നഗര വ്യത്യാസമില്ലാതെ പ്രാദേശിക സംരക്ഷണം നൽകുന്നത് സി പി എമ്മാണെന്നും അദ്ദേഹം പറഞ്ഞു.
അതിനാലാണ് സർക്കാരിന് ലഹരി മാഫിയയെ നിയന്ത്രിക്കാനാവാത്തത്.
തലശ്ശേരിയിലെ ഇരട്ട കൊലപാതകത്തിലും അഴിയൂരിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ സംഭവത്തിലുമെല്ലാം സി പി എം ബന്ധം വ്യക്തമാണ്. രക്ഷിതാക്കളെ കൂടി പങ്കെടുപ്പിച്ച് വിദ്യാഭ്യാസ കേന്ദ്രങ്ങളെ ലഹരിമാഫിയയിൽ നിന്ന് മുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പാർട്ടി നേതൃത്വം നൽകും.
എ ഐ സി സി അനുമതിയോടെ മൂന്ന് മാസത്തിനുള്ളിൽ പാർട്ടി പുന:സംഘടന പൂർത്തിയാക്കുമെന്നും കെ സുധാകരൻ പറഞ്ഞു.
ശശി തരൂരുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല എന്നും ഡൽഹിയിൽ വച്ച് തരൂരുമായി സംസാരിച്ചുവെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തതമായി അദ്ദേഹം പറഞ്ഞു.
പാർട്ടി നിർദ്ദേശങ്ങൾ പാലിച്ച് പാർട്ടിയെ ശക്തിപ്പെടുത്തും വിധം തരൂർ പ്രവർത്തിക്കും.
തരൂരിനെ ആർക്കും ഒറ്റപ്പെടുത്താൻ കഴിയില്ല.
എല്ലാ സ്വാതന്ത്ര്യവുംഅദ്ദേഹത്തിന് ഉണ്ടാകും. സുധാകരൻ പറഞ്ഞു.