ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ ലോക കപ്പ് സെമിയിൽ

ദോഹ: ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ ബ്രസീലിനെ ഷൂട്ടൗട്ടിൽ തകർത്ത് ക്രൊയേഷ്യ സെമിയിൽ കടന്നു. ഷൂട്ടൗട്ടിൽ 4-2നാണ് ബ്രസീലിനെ ക്രൊയേഷ്യ തകർത്തത്. ക്രൊയേഷ്യയ്ക്കായി നിക്കോളാ വ്ലാസിച്ച്, ലോവ്‌റോ മയർ, ലൂക്കാ മോഡ്രിച്ച്, മിസ്‌ലാവ് ഓർസിച്ച് എന്നിവർ ലക്ഷ്യം കണ്ടു. ബ്രസീലിനായി കാസമിറോ, പെഡ്രോ എന്നിവർ ലക്ഷ്യം കണ്ടെങ്കിലും ആദ്യ കിക്കെടുത്ത റോഡ്രിഗോയുടെ ഷോട്ട് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക്ക് ലിവാക്കോവിച്ച് തടുത്തിട്ടു. നാലാം കിക്കെടുത്ത മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചതോടെ ബ്രസീൽ പുറത്തേക്ക്.നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.സെമിയിലേക്ക് നടന്നുകയറിയ ബ്രസീലിനെതിരെ മത്സരം അവസാനിക്കാന്‍ മൂന്ന് മിനിറ്റ് ബാക്കി നില്‍ക്കെ ക്രൊയേഷ്യ സമിനില ഗോള്‍ നേടുകയായിരുന്നു.