ഏലത്തോട്ടത്തിലെ മരച്ചില്ലവെട്ടുന്ന കർഷകർക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസെടുത്ത് വനംവകുപ്പ്; പ്രതിഷേധവുമായി ലാന്റ് ഫ്രീഡം മൂവ്‌മെന്റ്
രാജാക്കാട് : ഏലത്തോട്ടങ്ങളില്‍ തണല്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി മരത്തിന്റെ ചില്ല വെട്ടിയിറക്കുന്നതിന് വനംവകുപ്പ് തടസ്സം നില്‍ക്കുന്നതായി ആരോപണം. ശാന്തൻപാറ പൂപ്പാറ മേഖലകളിലെ കൃഷിയിടങ്ങളില്‍ ഇത് സംബന്ധിച്ച് നിരവധി കര്‍ഷകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതായി ലാന്റ് ഫ്രീഡം മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറയുന്നു.
ആവശ്യത്തിന് തണലും തണുപ്പും ആവശ്യമായ ഏലം കൃഷിയുടെ പരിപാലത്തിന് വര്‍ഷാവര്‍ഷം മരങ്ങളുടെ ചില്ലയിറക്കി ക്രമീകരിക്കുന്നത് പതിവാണ്.ആവശ്യത്തിലധികം തണലുണ്ടായാല്‍ ഏലത്തിന്റെ വിളവിനെ പ്രതികൂലമായി ബാധിക്കും.കൂടുതല്‍ വെയിലേറ്റാല്‍ ഇതും പ്രതികൂലമായി ബാധിക്കും.ഇത് കൃത്യമായ അളവില്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി തേക്ക്, പ്ളാവ് തുടങ്ങി ഏലത്തോട്ടങ്ങളിലുള്ള മരത്തിന്റെ ചില്ലയിറക്കും. എന്നാല്‍ ഇതിന് ഇപ്പോള്‍ വനംവകുപ്പ് തടസ്സം നില്‍ക്കുന്നുവെന്നാണ് കര്‍ഷകരുടെ ആരോപണം. ഇതിനെതിരെയാണ് പൂപ്പാറയിലുള്ള വ്യാപാരികളുടേയും കര്‍ഷകരുടേയും നേതൃത്വത്തില്‍ ഇടുക്കി ലാന്റ് ഫ്രീഡം മൂവ്‌മെന്റും സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്.
മരത്തിന്റെ ചില്ലയിറക്കിയതിന് കര്‍ഷകര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുക്കുന്നതെന്നും കര്‍ഷകര്‍ക്ക് സ്വതന്ത്രമായി കൃഷി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണെന്നും ഇവര്‍ ആരോപിക്കുന്നു.കൃഷിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ ക്രിമിനല്‍ കുറ്റമായി കണ്ട് കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്ന നടപടിക്കെതിരേ ശക്തമായ ജനകീയ പ്രതിഷേധത്തിന് നേതൃത്വം നല്‍കുമെന്നും വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും.അവര്‍ ആവശ്യപ്പെട്ടു.ഭൂനിയമങ്ങളുടെ പേരില്‍ കര്‍ഷകരെ ദ്രോഹിക്കുന്ന നയം തുടര്‍ന്നാല്‍ ഇടുക്കിയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ലാന്റ് ഫ്രീഡം മൂവ്‌മെന്റ് രൂപികരിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തുമെന്നും ചെയര്‍മാന്‍ സണ്ണി പൈമ്ബിള്ളില്‍,റോയി അമ്ബഴച്ചാലില്‍,സി.സി മാത്യു,ജോയി ജോസഫ്,യു.എം.കെ സലിം എന്നിവര്‍ അറിയിച്ചു.