പ്രത്യേക പ്രദർശനത്തിൽ മികച്ച പ്രതികരണം നേടി ‘അവതാർ ദ വേ ഓഫ് വാട്ടർ’
ജയിംസ് കാമറൂൺ സംവിധാനം ചെയ്ത അവതാർ; ദ വേ ഓഫ് വാട്ടറിന് മികച്ച പ്രതികരണം. ലണ്ടനിൽ പത്രപ്രവർത്തകർക്കും നിരൂപകര്‍ക്കുമായി ഒരു പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ദി വേ ഓഫ് വാട്ടർ അവിശ്വസനീയവും അതിശയകരവുമാണെന്ന് പത്രപ്രവർത്തകനും നിരൂപകനുമായ എറിക് ഡേവിസ് പറഞ്ഞു. “അവതാർ ദി വേ ഓഫ് വാട്ടർ അതിശയകരമാണെന്ന് പറയുന്നതിൽ ഞാൻ സന്തുഷ്ടനാണ്, അവതാറിനേക്കാൾ വലുതും മികച്ചതുമായ വൈകാരിക നിമിഷങ്ങൾ ചിത്രത്തിൽ ഉണ്ട്” അദ്ദേഹം പറഞ്ഞു.
ജയിംസ് കാമറൂണിന്‍റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ദി വേ ഓഫ് വാട്ടർ. മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടായിരുന്നെങ്കിലും ഒരിക്കൽ പോലും മടുപ്പുതോന്നില്ല. വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ലാത്ത സംവിധായകനാണ് താനെന്ന് കാമറൂൺ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നുവെന്ന് നിരൂപകർ പറയുന്നു.
13 വർഷത്തെ ഇടവേളയ്ക്ക് ശേഷം ജെയിംസ് കാമറൂണ്‍ ‘ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രത്തിലൂടെ വീണ്ടും തിയേറ്ററുകളിലെത്തുകയാണ്. ചിത്രം ഡിസംബർ 16ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും.