പ്രധാന വാര്‍ത്തകള്‍
കേരള സ്‌കൂള്‍ കായികോത്സവം; കിരീടമുറപ്പിച്ച് പാലക്കാട്, തൊട്ടുപിന്നാലെ മലപ്പുറം
തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവം ചൊവ്വാഴ്ച സമാപിക്കാനിരിക്കെ കിരീടമുറപ്പിച്ച് പാലക്കാട്. 206 പോയിന്‍റുമായി പാലക്കാട് ബഹുദൂരം മുന്നിലാണ്. സ്കൂൾ മേളയുടെ ചരിത്രത്തിൽ വൻ കുതിപ്പോടെ 110 പോയിന്‍റുമായി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.
കഴിഞ്ഞ വർഷത്തെ റണ്ണേഴ്സ് അപ്പായ എറണാകുളം (58 പോയിന്‍റ്) ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കോഴിക്കോട് മൂന്നാം സ്ഥാനത്താണ് (73). കോട്ടയം (68), തൃശൂർ (65) ജില്ലകളാണ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിൽ.
മലപ്പുറം ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശേരി 53 പോയിന്‍റോടെ സ്‌കൂള്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ് 41 പോയിന്‍റ് നേടി രണ്ടാം സ്ഥാനത്ത്. കോഴിക്കോട് പുല്ലൂരാംപാറ സെന്‍റ് ജോസഫ്സ്, കോതമംഗലം മാർ ബേസിൽ എന്നിവ 31 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ്.