ഏലപ്പാറ – ഹെലിബറിയ – കുമിളി റോഡ് സംയുക്ത പരിശോധന ഇന്ന്


പീരുമേട്: ഏലപ്പാറ ഹെലിബറിയ കുമിളി റോഡിലെ ഹെലിബറിയ എസ്റ്റേറ്റിനകത്ത് റോഡില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെയും എസ്റ്റേറ്റ് അധികൃതരുടെയും സംയുക്ത പരിശോധന നടത്താന്‍ തീരുമാനം.
ഹെലിബറിയ എസ്റ്റേറ്റിനകത്തെ റോഡ് വീതി കൂട്ടുന്നതിന് എസ്റ്റേറ്റ് അധികൃതര്‍ അനുമതി നല്‍കാത്തതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തിലാണ് തീരുമാനം.
ഇന്ന് പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ നേതൃത്വത്തില്‍ പരിശോധന നടത്തും. തുടര്‍ന്ന് ഭൂമി വിട്ടു നല്‍കല്‍, കയ്യാലകളും സംരക്ഷണ ഭിത്തികളും നിര്‍മിക്കല്‍ തുടങ്ങിയ കാര്യങ്ങളിലുള്ള എസ്റ്റേറ്റ് അധികൃതരുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കും.
റോഡ് വീതി കൂട്ടാന്‍ അനുവദിക്കുന്നില്ല എന്നാരോപിച്ച് മാനേജ്‌മെന്റിനെതിരെ റോഡ് വികസന സമര സമിതിയുടെ നേതൃത്വത്തില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നു. റോഡിന് ഫണ്ട് ലഭ്യമായിട്ടും വീതി കൂട്ടാന്‍ കമ്ബനി ഭൂമി വിട്ടുനല്‍കാത്തത് പ്രദേശത്ത് വലിയ ജനരോഷമുണ്ടാക്കി. ഈ പശ്ചാത്തലത്തിലാണ് എസ്റ്റേറ്റ് അധികൃതരെയും തദ്ദേശസ്ഥാപന പ്രതിനിധികളെയും സമരസമതിയെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കളക്ടറുടെ അദ്ധ്യക്ഷതയില്‍ യോഗം വിളിച്ചു ചോര്‍ത്തത്.
ഹെലിബറിയ എസ്റ്റേറ്റിനെ പ്രതിനിധീകരിച്ച് എ.ജി.എം, ജി.എം. എന്നിവര്‍ പങ്കെടുത്തു. ഭൂമി വിട്ടുകൊടുക്കലുമായി ബന്ധപ്പെട്ട് ഓഹരി ഉടമകളുടെ അനുമതി വാങ്ങണമെന്ന് എസ്റ്റേറ്റ് മാനേജിങ് ഡയറക്ടര്‍ അറിയിച്ചതായി എ.ജി.എം.യോഗത്തെ അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തോളമായ സമാന വാദാഗതിയാണ് എസ്റ്റേറ്റ് അധികൃതര്‍ ഉന്നയിക്കുന്നതെന്ന് സമരസമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എസ്റ്റേറ്റിനകത്തെ തര്‍ക്കമുള്ള 2.5 ഏക്കര്‍ ഭാഗത്തെ റോഡിനാവശ്യമായ ഭൂമി ജനവികാരം മാനിച്ച് വിട്ടുകൊടുക്കണമന്നും റോഡ് മെച്ചപ്പെടുന്നതിന്റെ ഗുണഫലങ്ങള്‍ എസ്റ്റേറ്റിനും ലഭിക്കുമെന്നുംവാഴൂര്‍ സോമന്‍ എം.എല്‍.എ. ചൂണ്ടിക്കാട്ടി. ജില്ലയില്‍ എസ്റ്റേറ്റുകള്‍ക്ക് ഉള്ളിലൂടെ കടന്നുപോകുന്ന 6 റോഡുകള്‍ക്ക് അതത് എസ്റ്റേറ്റ് അധികൃതര്‍ അനുമതി നല്‍കിയത് ഡീന്‍ കുര്യാക്കോസ് എം.പി പറഞ്ഞു. പ്രശ്‌നം സങ്കീര്‍ണമായി ക്രമാസമാധാനപ്രശ്‌നം ഉണ്ടായാല്‍ കമ്ബനിക്കായിരിക്കും ഉത്തരവാദിത്തമെന്ന് കളക്ടറും ഓര്‍മ്മിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം ഷൈജു പി. ജേക്കബ്, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, ജനപ്രതിനിധികള്‍, സമരസമിതി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതി പ്രകാരം ആരംഭിച്ച റോഡ് പണിയില്‍ എസ്റ്റേറ്റിനകത്തെ ഭാഗം മാത്രമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. കമ്ബനി ഭൂമി വിട്ടുനല്‍കാത്തതിനാല്‍ ഫണ്ട് ലാപ്‌സാകുന്ന അവസ്ഥയാണ് ജനരോഷം വര്‍ദ്ധിപ്പിച്ചത്. ഏലപ്പാറ-പീരുമേട് പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്നത് പ്രദേശത്തെ യാത്രാസൗകര്യത്തെയും ജനജീവിതത്തെയും ഗുരുതരമായി ബാധിച്ചതോടെയാണ് ജനം സമരത്തിനിറങ്ങിയത്.