ശത്രുക്കളുടെ ഡ്രോണുകള്‍ തകർക്കാൻ പരുന്തുകള്‍ക്ക് പരിശീലനം നല്‍കി ഇന്ത്യന്‍ സേന

ദെഹ്റാദൂൺ: ശത്രു ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യൻ സൈന്യം പരുന്തുകളെ പരിശീലിപ്പിക്കുന്നു. ഉത്തരാഖണ്ഡിൽ നടന്ന സംയുക്ത യുദ്ധ് അഭ്യാസ പരിശീലനത്തിൽ അവയുടെ പ്രകടനത്തിന്‍റെ പ്രദർശനവും നടന്നു. എല്ലാ വർഷവും ഇന്ത്യയും അമേരിക്കയും സംയുക്തമായാണ് ഈ പരിശീലനം നടത്തുന്നത്. സേന തന്നെ സൃഷ്ടിച്ച കൃത്രിമ സാഹചര്യങ്ങളിൽ പരിശീലനം ലഭിച്ച അർജുൻ എന്ന പരുന്ത് ഡ്രോണുകൾ നശിപ്പിച്ചു.
പരുന്തുകൾക്ക് മാത്രമല്ല, നായ്ക്കൾക്കും ഡ്രോണുകൾ നശിപ്പിക്കാൻ പരിശീലനം നൽകുന്നുണ്ട്. പാകിസ്ഥാനിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്ന ഡ്രോണുകളുടെ സ്ഥാനം കണ്ടെത്തി നശിപ്പിക്കാനാണ് ഇവർക്ക് പരിശീലനം നൽകുന്നത്. നായകൾ ഡ്രോണുകളുടെ ശബ്ദം കേൾക്കുകയും സേനയ്ക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നു. അതേസമയം, ഡ്രോണിന്‍റെ സ്ഥാനം കണ്ടെത്തി വായുവിൽ വച്ച് നശിപ്പിക്കുക എന്നതാണ് പരുന്തുകളുടെ ജോലി. ഇന്ത്യൻ സൈന്യത്തിന്‍റെ ചരിത്രത്തിൽ ആദ്യമായാണ് പരുന്തുകളെ ഉപയോഗിച്ച് ഇത്തരത്തിലൊരു അഭ്യാസമെന്ന് സൈനിക ഉദ്യോഗസ്ഥർ പറയുന്നു.
പാകിസ്ഥാനിൽ നിന്ന് പഞ്ചാബ്, കശ്മീർ മേഖലകളിലേക്ക് ഡ്രോണുകൾ വഴി തോക്കുകളും മയക്കുമരുന്നുകളും പണവും രാജ്യത്ത് എത്തിച്ച നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം 24ന് ജമ്മുവിലെ സാംബാ ജില്ലയിൽ ഒരു പാക് ഡ്രോൺ രൂപയുടേയും ആയുധങ്ങളുടെയും ചരക്കുകള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി ജമ്മു പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.