നാരകക്കാനം കൊലപാതകം; അറസ്റ്റിലായത് നാട്ടിലെ പൊതു പ്രവർത്തകൻ

ഇടുക്കി: നാരകക്കാനത്ത് വീട്ടമ്മയെ അടിച്ചു വീഴ്ത്തിയ ശേഷം ജീവനോടെ തീ കൊളുത്തിയ സംഭവത്തിൽ അറസ്റ്റിലാകുന്നത് നാട്ടിലെ അറിയപ്പെടുന്ന പൊതുപ്രവർത്തകൻ. കുമ്പിടിയമാക്കൽ ചിന്നമ്മ ആന്‍റണിയെ കൊലപ്പെടുത്തിയ കേസിലാണ് പൊതുപ്രവർത്തകൻ കൂടിയായ അയൽവാസി വെട്ടിയാങ്കൽ സജി എന്ന തോമസ് അറസ്റ്റിലാകുന്നത്.
മോഷണ ശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്ന് സജി ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. ഈ മാസം 23നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ചിന്നമ്മയുടെ കഴുത്തിലും കൈയിലും ഉണ്ടായിരുന്ന സ്വർണം മോഷ്‌ടിക്കാൻ ലക്ഷ്യമിട്ടാണ് പ്രതി വീട്ടിലെത്തിയത്. ഈ സമയത്ത് ചിന്നമ്മ വീടിനു പുറത്ത് തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്നു.
കുടിക്കാൻ വെള്ളം ചോദിച്ച പ്രതിയോട് ചിന്നമ്മ വീട്ടിൽ കയറി ഇരിക്കാൻ പറഞ്ഞു. തുടർന്ന് അടുക്കളയിലേക്ക് വെള്ളം എടുക്കാൻ പോയ ചിന്നമ്മയെ പിന്നിലൂടെയെത്തിയ പ്രതി അടുക്കളവാതിക്കൽ കിടന്നിരുന്ന കൊരണ്ടി പലകകൊണ്ട് പിന്നിലൂടെയെത്തി അടിക്കുകയും ചെയ്‌തു.
അടികൊണ്ട് തലപൊട്ടി രക്തം ചീറ്റിയ ചിന്നമ്മ നിലവിളിക്കുകയും മേശപ്പുറത്ത് കിടന്ന കറിക്കത്തികൊണ്ട് പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും കരാട്ടെ ബ്ലാക്ക് ബെൽറ്റായ പ്രതി ചിമ്മമ്മയെ പ്രതിരോധിച്ച് നിലത്ത് കിടന്ന വാക്കത്തിയുടെ മാടുകൊണ്ട് വെട്ടി വീഴ്ത്തുകയുമായിരുന്നു.
നിലവിളിച്ച ചിന്നമ്മയുടെ കഴുത്തിലും പുക്കിൾ ഭാഗത്തും കൈകളിലും വെട്ടി പരുക്കേൽപ്പിക്കുകയും ചെയ്‌തു. തുടർന്ന് സമീപത്തെ മുറിയിൽ നിന്നും ബ്ലാങ്കറ്റും തുണികളും കൊണ്ടിട്ട് ഗ്യാസ് സിലിണ്ടറിന്‍റെ ഹോസ് കട്ട് ചെയ്‌ത് തീ കൊളുത്തുകയുമായിരുന്നു. തുണിയിൽ തീ പിടിച്ചതും ചിന്നമ്മ ജീവനായി കേഴുന്നുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു.
കത്തിക്കുന്നതിനു മുമ്പ് ചിന്നമ്മയുടെ കഴുത്തിൽ കിടന്ന മാലയും കൈകളിലെ വളകളും ഊരിയെടുത്ത്. ഇത് പണയം വച്ച് കിട്ടിയ 125000 രൂപയുമായി നാടു വിട്ടു പോകാൻ ശ്രമിക്കുന്നതിനിടെ തമിഴ്നാട്ടിലെ കമ്പത്തുള്ള ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതി പിടിക്കപ്പെടുന്നത്. കട്ടപ്പന ഡിവൈഎസ്.പി. വി.എ. നിഷാദ് മോന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കമാണ് പ്രതിയെ അതിവേഗം പിടികൂടൂന്നതിനു സഹായകമായത്.