മലയാളി നഴ്സിന് മികവിന്റെ അംഗീകാരം
നോർത്തേൺ അയർലണ്ട് പ്രാക്ടീസ് ആൻഡ്
എഡ്യൂക്കേഷൻ കൗൺസിൽ ഫോർ നഴ്സിംഗ് ആൻഡ് മിഡ്വൈഫെറിയും (NIPEC) ഓപ്പൺ യൂണിവേഴ്സിറ്റിയും സംയുക്തമായി സ്റ്റുഡന്റസ് എക്സല്ലൻസ് അവാർഡ് 2022 ആയി തിരഞ്ഞെടുത്തത് മലയാളി നഴ്സ് ബിൻസി സണ്ണിയെ! ബെൽഫാസ്റ്റ് ഓപ്പൺ യൂണിവേഴ്സിറ്റി അങ്കണത്തിൽ വെള്ളിയാഴ്ച (18.11.2022) നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിൽ വച്ചാണ് ഏറ്റവും കൂടുതൽ നോമിനേഷൻ ലഭിച്ച ബിൻസി അവാർഡിന് അർഹയായത്. നോർത്തേൺ അയർലണ്ടിലെ 5 NHS ട്രസ്റ്റിലെയും ഇൻഡിപെൻഡന്റ് സെക്ടറിലെയും മറ്റനേകം നോമിനികളെയും പിന്നിലാക്കിയാണ് മലയാളി വനിത ഈ നേട്ടം കൈവരിച്ചത്! Bsc (Honours) in Mental Health Nursing പഠനം പൂർത്തീകരിച്ചതിനൊപ്പമാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഇടുക്കി ജില്ലയിലെ മുനിയറ സ്വദേശിനിയായ ബിൻസി കട്ടപ്പന st. ജോൺസ് ഹോസ്പിറ്റലിൽ ജനറൽ നഴ്സിംഗ് കഴിഞ്ഞ് വർഷങ്ങളുടെ പ്രവർത്തന പരിചയവുമായാണ് ബെൽഫാസ്റ്റിൽ എത്തിച്ചേർന്നത്. ഫുൾടൈം ജോലിയും മൂന്നു കൊച്ചു കുട്ടികളെ പരിചരിക്കുകയും വീട്ടുകാര്യങ്ങളും നിർവ്വഹിക്കുന്നതിനൊപ്പമാണ് ബിൻസി പഠനം പൂർത്തീകരിച്ചത്. അർപ്പണബോധം, ടീം വർക്ക്, ജോലിയിലുള്ള ആൽമാർത്ഥത, നവീന ആശയങ്ങളുടെ അവതരണം, സമ്മർദ്ദങ്ങളെ അതിജീവിക്കാനുള്ള കഴിവ്, പ്രൊഫഷനലിസം എന്നിവ കണക്കിലെടുത്താണ് അവാർഡിനാർഹയെ തിരഞ്ഞെടുത്തത്. ബിൻസിക്ക് ലഭിച്ച ഈ അവാർഡിലൂടെ NHS നഴ്സിംഗ് റിക്രൂട്മെന്റിനായി കേരളത്തെ ഉറ്റുനോക്കുന്നത് അസ്ഥാനത്തല്ല എന്ന് അടിവരയിടുക കൂടിയാണ്!ഇടുക്കി ജില്ലാ പോലീസ് ഓഫീസിലെ മുൻ ജീവനക്കാരനും ബെൽഫാസ്റ്റിലെ സാംസ്കാരിക പ്രവർത്തകനും എഴുത്തുകാരനുമായ വെള്ളയാംകുടി കുന്നേൽ സണ്ണിയാണ് ബിൻസിയുടെ ഭർത്താവ്. കുട്ടികൾ നികിത, നേഹ, ഫെയ്ത്. UK യിലെ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ അഭിമാനം ആയ ബിൻസിക്ക് കൂടുതൽ നേട്ടങ്ങൾ കൈവരിക്കട്ടെ എന്നാശംസിക്കുന്നു!