ജീവിതം മാറ്റി മറിച്ച ഓട്ടം
ഒരു ഓട്ടം ജീവിതം തന്നെ മാറ്റി മറിച്ച കഥയാണ് ഇടുക്കി പാറത്തോട് സ്വദേശിനി ജില്ലാ കായിക മേളയിൽ 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയ അലോണ തോമസിന്‍റെത്. സ്വന്തം സുഹൃത്തിനെ തല്ലാനായി ഓടിച്ചാണ് അലോണ കളിക്കളത്തിലെ താരമായത്. 3 മാസങ്ങൾക്ക് മുൻപാണ് പാറത്തോട് സെന്റ് ജോർജ് എച്ച് എസ് എസിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥിനി അലോണ തോമസ് കായിക രംഗത്തേയ്ക്ക് എത്തിയത്.
ആ വരവിന് പിന്നിലെ ഓട്ടക്കഥ ഇങ്ങനെ. ‘ക്ലാസിലെ ഇടവേളയില്‍ കൂടെ പഠിക്കുന്ന ടോം മൈക്കിൾ അലോണയെ തമാശ രൂപേണെ കളിയാക്കി. ഇത് ഇഷ്ടപ്പെടാതിരുന്ന അലോണ സഹപാഠിയെ ഒന്ന് പേടിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ അലോണയുടെ വരവ് പന്തിയല്ലെന്ന് കണ്ട ടോം മൈക്കിൾ വരാന്തയിലൂടെ ഓടി. അലോണയുണ്ടോ വിടുന്നു. ടോമിന്‍റെ പിന്നാലെ പാഞ്ഞു. മിന്നൽ വേഗതയിൽ ടോമിനെ അലോണ പിടികൂടി. ഈ സമയമൊക്കെയും കായികാധ്യാപകനായ ജിജോ ഓഫീസിലിരുന്ന് ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പിന്നാലെ കായികാധ്യാപകന്‍ ജിജോ അലോണയെ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. പരീക്ഷ സമയത്ത് ഓടിക്കളിച്ചതിനു വഴക്ക് പറയാന്‍ വിളിച്ചതാവാം എന്നു കരുതി പേടിയോടെ സാറിനരികില്‍ എത്തിയ അലോണയെ ജിജോ സാര്‍ ക്ഷണിച്ചത് ഗ്രൗണ്ടിലേക്കാണ്. പിന്നീടങ്ങോട്ട് ചിട്ടയായ പരിശീലനം. ഇന്ന് ഇടുക്കി ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ 3000 മീറ്റര്‍ ഓട്ട മത്സരത്തില്‍ ആദ്യ ദിനം ഒന്നാം സ്ഥാനം നേടി അലോണ താരമായി. 1500 മീറ്റർ ഓട്ടത്തിലും, 400 മീറ്റർ റിലേയിലും അലോണ മത്സരിക്കും. ഓട്ടോ ഡ്രൈവറായ എം സി തോമസ് ജോഷി ദമ്പതികളുടെ മകളാന്ന് അലോണ.