അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് പത്രം ഏജന്റിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമം
പെരിയോന്‍ കവല ആക്കത്തേക്കേതില്‍ റോയി ലൂക്കോസിനാണ്( 52)കുത്തേറ്റത്. സംഭവത്തില്‍ പെരിയോന്‍കവല പടിപ്പുരയ്ക്കല്‍ തമ്പി എന്ന് വിളിക്കുന്ന റെജികുമാറി (55)നെതിരെ കട്ടപ്പന പോലീസ് വധ ശ്രമത്തിനു കേസെടുത്തിട്ടുണ്ട്. സ്വരാജ് പെരിയോന്‍ കവലയില്‍ തിങ്കളാഴ്ച്ച വൈകിട്ട് നാലോടെയാണ് സംഭവം നടന്നത്. പെരിയോന്‍ കവല ജംക്ഷനില്‍ റോയി നടത്തുന്ന കടയില്‍വച്ചായിരുന്നു സംഘര്‍ഷം. റോയിയുടെ കുടുംബവുവുമായി റെജികുമാറിനു അതിര്‍ത്തി തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ റോയിയുടെ മാതാവിനെ അടക്കം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തിങ്കളാഴ്ച്ച വൈകിട്ട് റോയിയുടെ കടയുടെ സമീപത്തെത്തിയ റെജി കുമാര്‍ കൈയില്‍ കരുതിയ പേന കത്തി ഉപയോഗിച്ച് റോയിയെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ റോയിയുടെ മുഖത്തിനും വയറിനും കാലിനും കുത്തേറ്റു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ റെജികുമാറിനും പരുക്കേറ്റിട്ടുണ്ട്.
ഇരുവരും ഇപ്പോള്‍ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ റെജികുമാറിനെതിരെ വധ ശ്രമത്തിനും റോയിക്കെതിരെ ആയുധമില്ലാത്ത ആക്രമണത്തിനും കേസെടുത്തതായി കട്ടപ്പന പോലീസ് അറിയിച്ചു. മംഗളം പത്രത്തിന്റെ പെരിയോന്‍കവല ഏജന്റാണ് റോയി ലൂക്കോസ്.