ക്രിമിനൽ പൊലീസുകാരെ പിരിച്ചുവിടാന്‍ ഉത്തരവ്’; ദയയും ദാക്ഷിണ്യവും കാട്ടില്ലെന്ന് മുഖ്യമന്ത്രി
സുനുവിനെ അടക്കം പൊലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. സുനുവിനെ പിരിച്ചുവിടാനുള്ള ശുപാര്‍ശ ഡി.ജി.പി നല്‍കിക്കഴിഞ്ഞു.
ഗുരുതര കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കുന്ന എല്ലാവരെയും പിരിച്ചുവിടാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടു. മൊത്തം കേസുകളുടെ പരിശോധന പൊലീസ് ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. പൊലീസിലെ ക്രിമിനലുകളെക്കുറിച്ച് ”ക്രിമിനല്‍ത്തൊപ്പി””എന്ന പേരില്‍ ‘കേരളകൗമുദി” പരമ്പര പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്നാണ് പൊലീസിനെ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നേരിട്ട് മൂന്ന് അവലോകനയോഗങ്ങള്‍ വിളിച്ചു. കേസുകളുടെയും വകുപ്പുതലത്തിലടക്കം സ്വീകരിച്ച നടപടികളുടെയും വിവരങ്ങള്‍ ജില്ലാ പൊലീസ് മേധാവികള്‍ ഉടന്‍ പൊലീസ് ആസ്ഥാനത്തേക്ക് കൈമാറാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇവ പരിശോധിച്ച് പിരിച്ചുവിടല്‍ അടക്കമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്തുകൊണ്ടുള്ള ഡി.ജി.പിയുടെ റിപ്പോര്‍ട്ട് ആഭ്യന്തരസെക്രട്ടറിക്ക് കൈമാറും.
റിമാന്‍ഡിലാവുകയോ തടവുശിക്ഷ അനുഭവിക്കുകയോ ചെയ്തവരുടെ വിവരങ്ങള്‍ പ്രത്യേകമായി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നിസാര കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ പിരിച്ചുവിടില്ല.
പൊലീസ് ആക്‌ട് 86(ബി): അക്രമം, അസാന്മാര്‍ഗ്ഗികം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ പുറത്താക്കാം
86(സി): ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവും പെരുമാറ്റപരവുമായി ജോലിക്ക് ‘അണ്‍ഫിറ്റാണെങ്കില്‍’ പുറത്താക്കാം
വകുപ്പുതല അന്വേഷണം നടന്നു കഴിഞ്ഞതിനാല്‍ ഇനി നോട്ടീസ് നല്‍കി ഹിയറിംഗ് നടത്തി തന്റെ ഭാഗം ന്യായീകരിക്കാന്‍ അവസരം നല്‍കണം. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതു പൂര്‍ത്തിയാക്കാന്‍ കഴിയും. പൊലീസ് മേധാവിക്കോ സര്‍ക്കാരിനോ പിരിച്ചുവിടാം.