മുന്‍ കെപിസിസി വൈസ് പ്രസിഡന്‍റ് സി.കെ ശ്രീധരന്‍ കോണ്‍ഗ്രസ് വിടുന്നു; സിപിഎമ്മിലേക്ക്

കാസര്‍കോട്: മുൻ കെപിസിസി വൈസ് പ്രസിഡന്‍റ് സി കെ ശ്രീധരൻ കോൺഗ്രസ് വിടുന്നു. സിപിഎമ്മിൽ ചേരും. കോൺഗ്രസിന്‍റെ ദേശീയ, സംസ്ഥാന നേതൃത്വങ്ങൾ സ്വീകരിച്ച നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഉപാധികളില്ലാതെയാണ് താൻ സി.പി.എമ്മിൽ ചേരുന്നതെന്നും അദ്ദേഹം പറഞ്ഞു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു ശ്രീധരൻ.
അടുത്തിടെ മുഖ്യമന്ത്രി പിണറായി വിജയൻ സി.കെ.ശ്രീധരന്‍റെ പുസ്തകം പ്രകാശനം ചെയ്തപ്പോൾ അദ്ദേഹം കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേരുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ കോൺഗ്രസോ ശ്രീധരനോ വിഷയത്തിൽ യാതൊരു പ്രതികരണവും നടത്തിയിരുന്നില്ല.
പാർട്ടി വിടാനുള്ള തീരുമാനം വിശദീകരിക്കാൻ നവംബർ 17ന് വാർത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിടാൻ പല കാരണങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പല വിഷയങ്ങളിലും കേരളത്തിലെ കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്ന നിലപാടിനോടുള്ള വിയോജിപ്പാണ് പാർട്ടി വിടാനുള്ള പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു.