അധികാരത്തിലെത്തിയാല്‍ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് മാറ്റുമെന്ന് കോൺഗ്രസ്

അഹമ്മദാബാദ്: ഗുജറാത്തിൽ അധികാരത്തിലെത്തിയാൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന്റെ പേര് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്യുമെന്ന് കോൺഗ്രസ് വാഗ്ദാനം. സർക്കാർ രൂപീകരിച്ചാൽ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ പ്രകടനപത്രിക ഔദ്യോഗിക രേഖയാക്കുമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പറഞ്ഞു.
ഡിസംബർ 1, 5 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ ഡിസംബർ എട്ടിന് നടക്കും. ഗുജറാത്തിൽ 10 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്. സർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം ഏർപ്പെടുത്തും. ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകൾ, വിധവകൾ, പ്രായമായ സ്ത്രീകൾ എന്നിവർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകും.
സംസ്ഥാനത്തുടനീളം 3000 ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തുറക്കും. ബിരുദാനന്തര ബിരുദം വരെ സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുമെന്നും കോൺഗ്രസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളും. 300 യൂണിറ്റ് വൈദ്യുതി സൗജന്യമാക്കുകയും 500 രൂപയ്ക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കുകയും ചെയ്യും. തൊഴിൽ രഹിതരായ യുവാക്കൾക്ക് 3,000 രൂപ ധനസഹായം നൽകുമെന്നും പ്രകടനപത്രികയിൽ പ്രഖ്യാപിച്ചിട്ടുണ്ട്.