ഇന്ത്യയ്ക്കു ദയനീയ തോൽവി; ലോകകപ്പിൽ ഇംഗ്ലണ്ട്- പാക്കിസ്ഥാൻ ഫൈനൽ
അഡ്‍ലെയ്ഡ്∙ ട്വന്റി20 ലോകകപ്പ് സെമിയിൽ ഇന്ത്യയ്ക്കു ദയനീയ തോൽവി. രണ്ടാം സെമി ഫൈനലിൽ ഇന്ത്യയെ പത്തു വിക്കറ്റിനാണു ഇംഗ്ലണ്ട് തോല്‍പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റു പോകാതെ വിജയത്തിലെത്തി. ഇംഗ്ലണ്ടിനായി ക്യാപ്റ്റൻ ജോസ് ബട്‌ലർ (49 പന്തിൽ 80), അലക്സ് ഹെയ്ല്‍സ് (47 പന്തിൽ 86) എന്നിവർ അർധ സെഞ്ചറി നേടി.
ട്വന്റി20 ലോകകപ്പിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണ് ബട്‍ലറും ഹെയ്ൽസും ചേർന്ന് ഇംഗ്ലണ്ടിനായി പടുത്തുയർത്തിയത്. ബാറ്റിങ് പവർപ്ലേയിൽ 4.5 ഓവറിൽ തന്നെ ഇംഗ്ലണ്ട് സ്കോർ 50 പിന്നിട്ടു. ഹെയ്ൽസ് 29 പന്തിൽനിന്നും ബട്‌ലർ 36 പന്തിൽനിന്നും അർധ സെഞ്ചറി തികച്ചു. 10.1 ഓവറിൽ (61 പന്ത്) 100 കടന്ന ഇംഗ്ലണ്ട് 16 ഓവറിൽ അനായാസം വിജയത്തിലെത്തി. അലക്സ് ഹെയ്ൽസ് ഏഴു സിക്സും നാലു ഫോറും അടിച്ചു പറത്തിയപ്പോൾ ബട്‌ലർ മൂന്ന് സിക്സും ഒൻപതു ഫോറുമാണു നേടിയത്. ഹെയൽസാണു കളിയിലെ താരം. 13 ന് മെൽബണിൽ നടക്കുന്ന ഫൈനലിൽ പാക്കിസ്ഥാനും ഇംഗ്ലണ്ടും ഏറ്റുമുട്ടും.
കോലിക്കും ഹാർദിക്കിനും അർധ സെഞ്ചറി; ഇന്ത്യ ആറിന് 168
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ഹാർദിക് പാണ്ഡ്യ (33 പന്തിൽ 63), വിരാട് കോലി (40 പന്തിൽ 50) എന്നിവരുടെ അര്‍ധ സെഞ്ചറികളാണ് ഇന്ത്യയ്ക്കു കരുത്തായത്. ക്യാപ്റ്റൻ രോഹിത് ശർമ 28 പന്തിൽ 27 ഉം സൂര്യകുമാർ യാദവ് 10 പന്തിൽ 14 ഉം റൺസെടുത്തു പുറത്തായി.
ഇന്ത്യൻ ഇന്നിങ്സിന്റെ തുടക്കത്തിൽ തന്നെ കെ.എൽ. രാഹുലിനെ നഷ്ടമായി. അഞ്ചു പന്തുകളിൽനിന്ന് അഞ്ച് റൺസെടുത്തു താരം പുറത്തായി. ടീം സ്കോർ ഒൻപതിൽനിൽക്കെയാണ് ക്രിസ് വോക്സിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്‍ലർക്കു ക്യാച്ച് നൽകി രാഹുൽ മടങ്ങിയത്. തുടർന്ന് രോഹിത് ശർമയും വിരാട് കോലിയും ചേർന്ന് സ്കോർ 50 കടത്തി. ക്രിസ് ജോർദാനാണ് രോഹിത് ശര്‍മയെ പുറത്താക്കിയത്.
സൂര്യകുമാർ യാദവിനും തിളങ്ങാനായില്ല. ആദിൽ റാഷിദിന്റെ പന്തില്‍ സാൾട്ടിനു ക്യാച്ച് നൽകിയായിരുന്നു മടക്കം. അർധ സെഞ്ചറി പൂർത്തിയാക്കിയതിനു പിന്നാലെ കോലിയെ ആദിൽ റാഷിദിന്റെ കൈകളിലെത്തിച്ച് ക്രിസ് ജോർദാൻ വിക്കറ്റ് നേട്ടം രണ്ടാക്കി. ആറു റൺസെടുത്ത ഋഷഭ് പന്ത് റൺഔട്ടായി. 29 പന്തിൽ പാണ്ഡ്യ അർധ സെഞ്ചറി തികച്ചു. അഞ്ച് സിക്സും നാലു ഫോറുമാണു താരം അടിച്ചെടുത്തത്. ഇന്ത്യൻ ഇന്നിങ്സിലെ അവസാന പന്തിൽ ഹിറ്റ് വിക്കറ്റായാണു ഹാർദിക് പാണ്ഡ്യയുടെ മടക്കം. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്സ്, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.