സെക്കൻഡ് ഹാൻഡ് ഇരുചക്ര വാഹനം വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത്
ഇന്ത്യയിൽ ഇരുചക്രവാഹനങ്ങളുടെ പ്രയോജനവും സ്വാധീനവും നോക്കുമ്പോൾ, അതൊരെണ്ണം സ്വന്തമാക്കാൻ ആരും സ്വപ്നം കാണുന്നതിൽ അതിശയമില്ല. ചെറിയ ബജറ്റിൽ അതിനുള്ള വഴിയായി ഏവരും കാണുന്നത് സെക്കൻഡ് ഹാൻഡ് വിപണിയെയാണ്. പുതിയ ബൈക്ക് വാങ്ങുന്നതിനേക്കാൾ സങ്കീർണമാണ് ഒരാൾ ഉപയോഗിച്ച ഇരുചക്ര വാഹനം വാങ്ങുന്നത്.
∙ ഒരു ഇരുചക്ര വാഹനം വാങ്ങുന്നതിനുമുൻപ്, നിങ്ങൾക്ക് അതുകൊണ്ടുള്ള ഉപയോഗം എന്തെന്നു വിലയിരുത്തണം. നിങ്ങൾ ഏതു മോഡൽ വാഹനമാണ് തിരയുന്നതെന്നു തീരുമാനിച്ചു കഴിഞ്ഞാൽ, നിങ്ങളുടെ ബജറ്റിനെ അടിസ്ഥാനമാക്കി നിങ്ങളുടെ താൽപര്യവും മുൻഗണനയും അനുസരിച്ച് ബൈക്ക്, സ്കൂട്ടർ, ബൈക്കിൽത്തന്നെ ക്രൂസർ ബൈക്ക്, കമ്യൂട്ടർ ബൈക്ക്, സ്പോർട് ബൈക്ക് എന്നിങ്ങനെ കൃത്യമായ വിഭാഗം തീരുമാനിക്കണം.
∙ ഉദ്ദേശ്യം തീരുമാനിച്ചതിനു ശേഷം, അത് എവിടെനിന്നു വാങ്ങണമെന്നു തീരുമാനിക്കണം. യൂസ്ഡ് വാഹനങ്ങൾ വിൽക്കുന്ന അസംഘടിത റീട്ടെയിൽ ഔട്‌ലെറ്റുകൾ, വ്യക്തിഗത വിൽപന (വ്യക്തികൾ നേരിട്ടു നൽകുന്ന പരസ്യങ്ങൾ വഴി), ബ്രാൻഡഡ് ടൂ-വീലർ ഷോറൂമുകൾ എന്നിവയിൽനിന്നും തിരഞ്ഞെടുക്കാം. ഏതു സ്ഥലം തിരഞ്ഞെടുത്താലും, നന്നായി പരിശോധിച്ചു തിരഞ്ഞെടുക്കണം. ബ്രാൻഡഡ് ഷോറൂമുകളിൽ, വാറന്റി സേവനം പോലുള്ള അധികസേവനങ്ങളുണ്ടോ എന്നു നോക്കാം.
∙ നിങ്ങളുടെ വാഹനത്തിന് എളുപ്പത്തിൽ ധനസഹായം ലഭിക്കണമെങ്കിൽ യൂസ്ഡ് ടൂ-വീലർ ഫിനാൻസിങ്ങിൽ വൈദഗ്ധ്യമുള്ള ബാങ്കുകളെയോ എൻബിഎഫ്സികളെയോ സമീപിക്കുക എന്നതാണ് ഏറ്റവും നല്ല മാർഗം.
∙ ഉപയോഗിച്ച ഇരുചക്രവാഹനങ്ങൾ വാങ്ങുന്നതിനും ധനസഹായം നൽകുന്നതിനും പിന്തുണയും മാർഗനിർദ്ദേശവും വാഗ്ദാനം ചെയ്യുന്ന ഏതാനും സ്റ്റാർട്ടപ്പുകളുമുണ്ട്.