ഘടികാരങ്ങളുടെ സൂക്ഷിപ്പുകാരൻ; കോടമ്പാക്കത്തെ കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്
ചെന്നൈയിൽ ക്ലോക്കുകളുടെ കലവറ സൃഷ്ടിച്ച റോബർട്ട് കെന്നഡിക്ക് ഗിന്നസ് റെക്കോർഡ്. ഈ മാസം 3ന് അദ്ദേഹം റെക്കോർഡ് ബുക്കിൽ ഇടം നേടി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് കെന്നഡിയുടെ കൈവശമുള്ളത് അദ്ഭുത ശേഖരമാണെന്നും അദ്ദേഹം തന്‍റെ ജീവിത സമ്പാദ്യം അതിനായി ചെലവഴിച്ചുവെന്നും വിലയിരുത്തി.
വർഷങ്ങളായി, കോടമ്പാക്കത്തെ ഫ്ലാറ്റിൽ കൂട്ട സ്പന്ദനം പോലുള്ള ക്ലോക്കുകളുടെ ശബ്ദങ്ങൾക്കൊപ്പമാണ് കെന്നഡിയുടെ ജീവിതം. നാഗർകോവിൽ സ്വദേശിയായ അദ്ദേഹത്തിൻ്റെ 4 പതിറ്റാണ്ടിന്‍റെ സ്വത്താണിവ. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് വർഷങ്ങളായി നടത്തിയ ആത്മാർത്ഥമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണെന്ന് കെന്നഡി പറഞ്ഞു.
കെന്നഡി തന്‍റെ പ്ലസ് ടു പഠനകാലത്താണ് പുരാവസ്തു ശേഖരണം ആരംഭിച്ചത്. പിന്നീട് അത് ക്ലോക്കുകളിൽ മാത്രമായി ഒതുങ്ങി. ഇപ്പോൾ ഏകദേശം 3,000 ക്ലോക്കുകൾ ശേഖരത്തിലുണ്ട്. മുത്തച്ഛൻ മൂന്നാറിലെ ഒരു തേയില ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. അക്കാലത്ത് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് സമ്മാനിച്ച അൻസോണിയ ഘടികാരം അദ്ദേഹത്തിന്‍റെ വീടിന്‍റെ ചുമരിൽ ഏറെക്കാലം ഉണ്ടായിരുന്നു. 1983-ൽ, പിതാവ് അത് മാറ്റി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഒരു പുതിയ ക്ലോക്ക് സ്ഥാപിച്ചു. പഴയ ഘടികാരത്തെ ഒരു നിധിപോലെ സൂക്ഷിച്ചിരുന്ന കെന്നഡി സാവധാനം ക്ലോക്കുകളുടെ സൂക്ഷിപ്പുകാരനായി മാറുകയായിരുന്നു.