രാജ്യത്തെ ജനങ്ങളുടെ കയ്യിൽ ഉള്ളത് 30.88 ലക്ഷം കോടി കറൻസി
ന്യൂഡൽഹി: നോട്ട് നിരോധനം പ്രഖ്യാപിച്ച് ആറ് വർഷം പിന്നിടുമ്പോഴും ജനങ്ങൾക്കിടയിൽ കറൻസി നോട്ടുകൾക്ക് ക്ഷാമമില്ലെന്ന് റിപ്പോർട്ട്. ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപയുടെ നോട്ടുകളാണ് ജനങ്ങളുടെ പക്കലുള്ളത്. 2016 നവംബർ എട്ടിനാണ് അഴിമതിയും കള്ളപ്പണവും തടയുന്നതിന്‍റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപ നോട്ടുകൾ അസാധുവാക്കിയത്.
2016 നവംബർ 4 വരെയുള്ള കണക്ക് പ്രകാരം ഉണ്ടായിരുന്നതിനേക്കാൾ 71.84 ശതമാനം കൂടുതൽ പണമാണ് കറൻസിയായി ജനങ്ങൾക്കിടയിൽ ഉള്ളത്. ഇന്ത്യയെ കറൻസി വിനിയോഗം കുറവുള്ള സമ്പദ് വ്യവസ്ഥയാക്കി മാറ്റാനുള്ള നീക്കമാണ് നോട്ട് നിരോധനം എന്ന് അക്കാലത്ത് പറയപ്പെട്ടിരുന്നു.
എന്നാൽ, ഒക്ടോബർ 21 വരെയുള്ള കണക്കുകൾ പ്രകാരം 30.88 ലക്ഷം കോടി രൂപ കറൻസിയായി ജനങ്ങളുടെ കൈയിലുണ്ടെന്ന് റിസർവ് ബാങ്ക് വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2016 നവംബർ 4 ലെ കണക്കുകൾ പ്രകാരം 17.7 ലക്ഷം കോടി രൂപയുടെ കറൻസിയാണ് ജനങ്ങളുടെ പക്കൽ ഉണ്ടായിരുന്നത്.