ആലപ്പുഴ അരൂരിൽ ബൈക്കപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു
ആലപ്പുഴ: നിർത്തിയിട്ടിരുന്ന സ്കൂൾ ബസിന് പിന്നിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് യുവാക്കൾ മരിച്ചു. ആലപ്പുഴ ജില്ലയിലെ അരൂരിലാണ് സംഭവം. 23 വയസ്സുകാരായ അഭിജിത്ത്, ആല്‍വിന്‍, ബിജോയ് വര്‍ഗീസ് എന്നിവരാണ് മരിച്ചത്. മൂന്നുപേരും അരൂര്‍ സ്വദേശികളാണ്
ഇന്ന് വെളുപ്പിനെയാണ് അപകടം ഉണ്ടായത്. സ്കൂൾ ബസിന് അടിയിലേക്ക് ഇടിച്ചുകയറിയ നിലയിലാണ് ബൈക്ക്. ബസിന്‍റെ പിൻഭാഗം തകർന്നിട്ടുണ്ട്. അമിത വേഗമാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഓടിക്കൂടിയ നാട്ടുകാർ മൂന്നുപേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
അരൂർ പൊലീസ് എയ്ഡ്പോസ്റ്റിനു സമീപം പുലർച്ചെ ഒരു മണിയോടെ ആയിരുന്നു അപകടം. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ എത്തിച്ച ശേഷവുമാണ് മരണപെട്ടത്. സുഹൃത്തിന്റെ ഗൃഹപ്രവേശനത്തിൽ പങ്കെടുത്ത ശേഷം മടങ്ങും വഴിയായിരുന്നു അപകടം.