മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ
വ്യത്യസ്തമായ ആഖ്യാന ശൈലിയും കഥപറച്ചിലും കൊണ്ട് സിനിമാപ്രേമികളെ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടി പ്രദർശനത്തിനൊരുങ്ങുന്നു. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യും. റിലീസ് സംബന്ധിച്ച വിശദാംശങ്ങൾ ഉടൻ പുറത്തുവിടും. ചിത്രം നവംബർ 11ന് ഹോട്ട്സ്റ്റാറിൽ എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത ആവശ്യമാണ്.
നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബർ ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. പ്രഖ്യാപന സമയം മുതൽ വളരെയധികം ശ്രദ്ധ നേടിയ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടി. സമീർ അബ്ദുൾ തിരക്കഥയെഴുതിയ ചിത്രം ബോക്സ് ഓഫീസിലും വിജയിച്ചിരുന്നു. ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’, ‘ഇബ്‍ലീസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ തിരക്കഥാകൃത്താണ് സമീർ.
നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീൻ , കോട്ടയം നസീർ , ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രം പ്രേക്ഷകർക്ക് സമ്മാനിച്ചു. നിമിഷ് രവി ഛായാഗ്രഹണവും മിഥുൻ മുകുന്ദൻ സംഗീതവും കൈകാര്യം ചെയ്യുന്നു. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം തിയറ്ററുകളില്‍ എത്തിച്ചത്. മറ്റ് റിലീസുകൾ എത്തിയെങ്കിലും തിയേറ്ററുകളിൽ മികച്ച പ്രതികരണമാണ് റോഷാക്കിന് ലഭിച്ചത്.