ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതിസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം കര്‍ഷക പ്രതിബദ്ധത വ്യക്തമാക്കന്നത് : എല്‍ഡി.എഫ്
ചെറുതോണി : 1960 ലെ ഭൂപതിവ് നിയമങ്ങളെ ചുവടുപിടിച്ച് 1964 ഭൂപതിവ് ചട്ടവും 1993 പ്രത്യേക ഭൂപതിവ് ചട്ടവും നിയമഭേദഗതി ചെയ്യുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള സത്യവാങ്മൂലത്തിലൂടെ സര്‍ക്കാരിന്‍റെ നിലപാട് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. പട്ടയഭൂമിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ഇടയിലുള്ള ആശങ്കകല്‍ക്ക് വിരാമമിട്ടിരിക്കുകയാണ്. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കുന്നതിന് പ്രതിജ്ഞാ ബദ്ധമായ നിലാപടുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭൂപ്രശ്ന പരിഹാരത്തിന് മുന്‍കാലഘട്ടങ്ങളിലും ഇടതുപക്ഷ സര്‍ക്കാരുകള്‍ മാത്രമാണ് നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്.
കൈവശമുള്ള കൃഷിഭൂമി പതിച്ചു നല്‍കുന്നതിന് ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമായിരിക്കണം എന്ന നിബന്ധന ഒഴിവാക്കിയതും 1993 ഭൂപതിവ് ചട്ട പ്രകാരം ലഭിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യുന്നതിന് നിശ്ചയിച്ചിരുന്ന സമയപരിധി ഒഴിവാക്കിയതും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പത്തുചെയിന്‍ മേഖലകളിലും പട്ടയം നല്‍കിയതും 2018 ഓഗസ്റ്റ് 8 ന് ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഭേദഗതി ഉത്തരവിലൂടെയാണ്.
ജില്ലയില്‍ എത്തിയ മുഖ്യമന്ത്രിയും റെവന്യൂ വകുപ്പ് മന്ത്രിയും ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. 17.12.2019 ല്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലും നിയമഭേദഗതി നടപ്പിലാക്കുമെന്നും അറിയിച്ചിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകുകയായിരുന്നു. ഭൂപ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ടുനീങ്ങുന്ന സര്‍ക്കാരിനെ എല്‍.ഡി.എഫ് ഇടുക്കി ജില്ലാ കമ്മിറ്റി അഭിനന്ദിച്ചു. കെക. ശിവരാമന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറി സി.വി വര്‍ഗ്ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിംകുമാര്‍ , കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാല്‍ മറ്റ് കക്ഷി നേതാക്കളും പങ്കെടുത്തു. ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാക്കിയത് കോണ്‍ഗ്രസ്
ചെറുതോണി : ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ അനന്തമായി നീട്ടികൊണ്ട് പോയതും സങ്കീര്‍ണ്ണമാക്കിയതും കോണ്‍ഗ്രസാണെന്ന് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി ആരോപിച്ചു. 2010 ല്‍ മൂന്നാര്‍മേഖലയുടെ സംരക്ഷണത്തിനായി തിരുവാങ്കുളം ആസ്ഥാനമാക്കിയ പരിസ്ഥിതി സംഘടന കോടതിയില്‍ നല്‍കിയ ഹര്‍ജ്ജിയെത്തുടര്‍ന്ന് കോടതി സര്‍ക്കാരിന് നല്‍കിയ നിര്‍ദ്ദേശം പരിഹരിക്കാതെ നീട്ടികൊണ്ടുപോയത് കോണ്‍ഗ്രസിന്‍റെ ഇരട്ടത്താപ്പ് നയമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്‍റെ കാലത്ത് ഇടുക്കി ജില്ലാ കളക്ടര്‍ നിര്‍മ്മാണ നിയന്ത്രണവുമായി ബന്ധപ്പെട്ട് നിരവധി സര്‍ക്കുലറുകളാണ് ഇറക്കിയത്. പരിസ്ഥിതി സംഘടന മൂന്നാറിന്‍റെ സംരക്ഷണത്തിന് പ്രത്യേക കെട്ടിട നിര്‍മ്മാണ ചട്ടം മാത്രമാണ് ആദ്യഘട്ടങ്ങളില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് സുപ്രീംകോടതി വരെ വ്യവഹാരങ്ങളിലെത്തിയതിന് പിന്നില്‍ പരിസ്ഥിതി സംഘടനയും കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള ബന്ധമാണ് വ്യക്തമാക്കുന്നത്. മൂന്നാര്‍ മേഖലയിലെ എട്ട് വില്ലേജുകളില്‍ ചില നിര്‍മ്മാണ നിയന്ത്രണങ്ങളെ രൂക്ഷമാക്കിയത് കോണ്‍ഗ്രസിന്‍റെ ജനപ്രതിനിധികളാണ്. കോണ്‍ഗ്രസുകാരിയായ ബൈസന്‍വാലിയിലെ പഞ്ചായത്തംഗം നല്‍കിയ നിര്‍മ്മാണ നിയന്ത്രണം സംബന്ധിച്ച കേസ് കോടതിയില്‍ വാദിച്ചത് എറണാകുളം ജില്ലക്കാരനും അഭിഭാഷകനുമായ നിലവിലെ കോണ്‍ഗ്രസ് എം.എല്‍.എയാണ്.
കസ്തൂരിരംഗന്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കെതിരെ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിന്‍റെ മുന്‍ എം പിയുടെ നിലപാട് തന്നെയാണ് അദ്ദേഹത്തിന്‍റെ പ്രിയ ശിഷ്യന്മാരായ ഇടുക്കി എം.പി യും എറണാകുളം ജില്ലക്കാരനായ എം.എല്‍.എ യും ചെയ്യുന്നതെന്നും നേതാക്കള്‍ പറഞ്ഞു.