ഭരണഭാഷാ വാരാഘോഷം സമാപനം 7 ന് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍
ഭരണഭാഷാ വാരാഘോഷം ജില്ലാ തല സമാപനം 7 ന് ഉച്ചയ്ക്ക് രണ്ട് മണിയ്ക്ക് മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ് ചാവറ ഹാളില്‍ നടത്തും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കോളേജും സംയുക്തമായി സംഘടിപ്പിക്കുന്ന യോഗം ഇടുക്കി സബ് കളക്ടര്‍ അരുണ്‍ എസ്. നായര്‍ ഉദ്ഘാടനം ചെയ്യും. കോളേജ് മാനേജര്‍ ഫാ.തോമസ് ജോര്‍ജ് അദ്ധ്യക്ഷത വഹിക്കും. എഴുത്തുകാരനും കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ അദ്ധ്യാപകനുമായ ഡോ.ഫാ. മനോജ് ജെ. പാലക്കുടി മലയാളഭാഷയുടെ വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സെന്റ് ജോസഫ്‌സ് കോളേജ് മുന്‍ പ്രിന്‍സിപ്പാളും മലയാളം മേധാവിയുമായിരുന്നതും, ഇപ്പോള്‍ മുരിക്കാശ്ശേരി മാര്‍സ്ലീവ കോളേജ് പ്രിന്‍സിപ്പാളുമായ ഡോ.ജോഷി വര്‍ഗീസ് അദ്ധ്യാപനാനുഭവവും ഭാഷാപ്രയോഗ പരിണാമം-ലിപി പരിഷ്‌കരണം എന്നിവ വിശദീകരിക്കും. നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജ് പ്രിന്‍സിപ്പാളിന്റെ ചുമതല വഹിക്കുന്ന പ്രൊഫ. കെ. രാജേഷ്, സെന്റ് ജോസഫ്‌സ് പ്രിന്‍സിപ്പാള്‍ ഡോ.സാബുക്കുട്ടി എം.ജി, കോ-ഓര്‍ഡിനേറ്റര്‍ റോബി മാത്യു, മലയാളം അദ്ധ്യാപകരായ ശരത് ചന്ദ്രന്‍, അള്‍ഫോണ്‍സ് പി. പാറയ്ക്കല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍. സതീഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ലഹരിയുടെ ദൂഷ്യങ്ങളെക്കുറിച്ചും ശിക്ഷാ-നിയമങ്ങളെക്കുറിച്ചും ഇടുക്കി എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫീസര്‍ സാബുമോന്‍ ക്ലാസെടുക്കും. വാരാഘോഷത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ രചനാ മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമാപനയോഗത്തില്‍ സമ്മാനം വിതരണം ചെയ്യും.