ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വര്‍ധന

നഷ്ടത്തിലായ ക്ഷീര കര്‍ഷകര്‍ക്ക് ഇരുട്ടടിയായി കാലിത്തീറ്റ വില വര്‍ധന. സര്‍ക്കാര്‍ സ്ഥാപനങ്ങളായ മില്‍മ, കേരള ഫീഡ്സ് എന്നിവ 50 കിലോയുടെ ചാക്കൊന്നിന് 200 രൂപ വരെയാണു കാലിത്തീറ്റയുടെ വില വര്‍ധിപ്പിച്ചത്.
കിലോയ്ക്ക് മൂന്നു രൂപ മുതല്‍ നാലു രൂപ വരെയാണു വില വര്‍ധന പ്രാബല്യത്തിലായത്. അടുത്ത ഏപ്രില്‍ വരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കാലിത്തീറ്റയുടെ വില വര്‍ധിപ്പിക്കില്ലെന്ന ഉറപ്പു ലംഘിച്ചാണു സര്‍ക്കാര്‍ നടപടി. ഉന്നതതല യോഗത്തില്‍ കാലിത്തീറ്റയുടെ വില ഏപ്രില്‍ വരെ വര്‍ധിപ്പിക്കില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. മന്ത്രി ജെ. ചിഞ്ചുറാണിയും കാലിത്തീറ്റയുടെ വില കൂട്ടില്ലെന്നു പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം ലംഘിച്ചാണ് വില വര്‍ധന.
കാലിത്തീറ്റയുടെ വില കേരള ഫീഡ്സിന്‍റെ മിടുക്കി 50കിലോ പാക്കറ്റിന് 1245 രൂപയില്‍ നിന്ന് 1395 രൂപയായും കേരള ഫീഡ്സിന്‍റെ എലൈറ്റിന് 1315 രൂപയില്‍ നിന്ന് 1495 രൂപയായും ഉയര്‍ന്നു. മില്‍മ റിച്ചിന് 1240ല്‍ നിന്ന് 1400 രൂപയായും മില്‍മ ഗോള്‍ഡിന് 1370 ല്‍ നിന്ന് 1550 രൂപയായുമാണ് ഉയര്‍ത്തിയത്.
ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ ലീറ്റര്‍ ഒന്നിന് അഞ്ചു രൂപ വീതം ഇന്‍സെന്‍റീവ് നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനവും നടപ്പായില്ല. ഇപ്പോള്‍, പാല്‍ ലിറ്ററിന 35- 38 രൂപ മാത്രമാണ് ക്ഷീര കര്‍ഷകര്‍ക്ക് സൊസൈറ്റികള്‍ നല്‍കുന്നത്.
എന്നാല്‍, പാല്‍ ഉത്പാദനച്ചെലവ് ലീറ്റിന് 45- 50 രൂപയോളമായതായി ക്ഷീരകര്‍ഷകരും പറയുന്നു. പാല്‍ വില അടുത്തകാലത്തൊന്നും വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍ ചായയുടെ വില ഏതാനും മാസങ്ങള്‍ക്കു മുന്‍പു തന്നെ ഹോട്ടലുടമകളും തട്ടുകടക്കാരും ഉയര്‍ത്തിയിരുന്നു.