ലഹരിയില്‍ നിന്ന് ഭാവിതലമുറയെ രക്ഷിക്കാന്‍കൂട്ടായ പരിശ്രമം വേണം- മന്ത്രി റോഷി അഗസ്റ്റിന്‍
കാമാക്ഷി പഞ്ചായത്തില്‍ ലഹരിവിരുദ്ധ മനുഷ്യ മഹാശൃംഖല സംഘടിപ്പിച്ചു
ലഹരിയുടെ പിടിയില്‍ അകപ്പെട്ടാല്‍ തിരിച്ചു വരവ് ബുദ്ധിമുട്ടാണെന്നും ഈ മാരക വിപത്തില്‍ നിന്ന് ഭാവി തലമുറയെ രക്ഷിക്കാന്‍ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ സംഘടിപ്പിച്ച ലഹരി വിരുദ്ധ കര്‍മ്മ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി കാമാക്ഷി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കേരളപ്പിറവി ദിനത്തില്‍ സംഘടിപ്പിച്ച മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്ന ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാടിനെ ഗ്രസിക്കുന്ന ഒരു മാരക വിപത്തിനെതിരെ സടകുടഞ്ഞെഴുന്നേറ്റ ഗ്രാമമായി കാമാക്ഷി പഞ്ചായത്ത് മാറിയിരിക്കുകയാണെന്നും നാടും നഗരവും ഒരുമിച്ച് ലഹരി വിരുദ്ധ പോരാട്ടം തുടരണമെന്നും മന്ത്രി പറഞ്ഞു.
കാമാക്ഷി മുതല്‍ തങ്കമണി യൂണിയന്‍ ബാങ്ക് ജംഗ്ഷന്‍ വരെയുള്ള നാല് കിലോമീറ്റര്‍ നീളത്തില്‍ സംഘടിപ്പിച്ച മനുഷ്യ മഹാശൃംഖല പൊതുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൊതുജനങ്ങള്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, എന്‍.സി.സി, സ്‌കൗട്ട്, എസ്.പി.സി. കേഡറ്റുകള്‍, എന്‍.എസ്.എസ്. അംഗങ്ങള്‍, പഞ്ചായത്ത്, വില്ലേജ് ഓഫീസ്, കെ. എസ.് എഫ്. ഇ., സഹകരണ ബാങ്ക് ജീവനക്കാര്‍ പൊതുപ്രവര്‍ത്തകര്‍, യുവജനങ്ങള്‍, കര്‍ഷകര്‍, സ്ത്രീകള്‍, കുടംബശീ പ്രവര്‍ത്തകര്‍, ഹരിത കര്‍മസേന, ഓട്ടോ തൊഴിലാളികള്‍, സി.ഡി.എസ.് അംഗങ്ങള്‍, ഹോമിയോ, ആയുര്‍വേദ, വെറ്ററിനറി ആശുപത്രി ജീവനക്കാര്‍, വ്യാപാരികള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ എന്നിവരടക്കം 5000 ഓളം പേര്‍ ശൃംഖലയില്‍ പങ്കെടുത്തു.
പാണ്ടിപ്പാറ സെന്റ് ജോസഫ്, തങ്കമണി സെന്റ് തോമസ്, ഉദയഗിരി സെന്റ് മേരീസ്, തങ്കമണി ഗവ.എച്ച്.എസ്.എസ്, പാറക്കടവ് സരസ്വതി വിദ്യാനികേതന്‍, കാല്‍വരിമൗണ്ട് കാല്‍വരി എച്ച്. എസ്.എസ.് എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ മനുഷ്യമഹാശൃംഖലയില്‍ അണിചേര്‍ന്നു.
മനുഷ്യ ശൃംഖലയെ തുടര്‍ന്ന് നടന്ന ലഹരി വിരുദ്ധ പൊതുസമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിച്ചു. തങ്കമണി ഹയര്‍സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ ജെയിംസ് പാലയ്ക്കാമറ്റം മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജെസി തോമസ്, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പെഴ്‌സണ്‍മാരായ ചിഞ്ചുമോള്‍ ബിനോയി, റെനി റോയി, സോണി ചൊള്ളാമടം, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ജോസഫ് ,പഞ്ചായത്ത് അംഗങ്ങളായ എം.കെ. ജോണ്‍, ചെറിയാന്‍ കട്ടക്കയം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ.വി. ആന്റണി എന്നിവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി മുക്കാടന്‍ സ്വാഗതം ആശംസിച്ചു.
ചിത്രം
- കാമാക്ഷി പഞ്ചായത്തില്‍ കേരളപ്പിറവി ദിനത്തില്‍ ലഹരിക്കെതിരെ സംഘടിപ്പിച്ച മനുഷ്യമഹാശൃംഖല.
- കാമാക്ഷി പഞ്ചായത്തിലെ മനുഷ്യമഹാശൃംഖലക്ക് ശേഷം ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു.
- കാമാക്ഷി പഞ്ചായത്തിലെ ലഹരിവിരുദ്ധ പൊതുസമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ സംസാരിക്കുന്നു.