ദു:ഖ വെള്ളി – എഴുകുംവയൽ കുരിശുമല കയറാൻ പതിനായിരങ്ങൾ..
കട്ടപ്പന: ദു:ഖ വെള്ളി ആചരണത്തിന്റെ ഭാഗമായുള്ള പീഡാനുഭവ യാത്രയിലും, കുരിശിന്റെ വഴിയിലും പങ്കെടുക്കുവാൻ പതിനായിരക്കണക്കിന് വിശ്വാസികളാണ് കുരിശുമലയിലെത്തിയത്. പെസഹാ വ്യാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.കഴിഞ്ഞ ദുഃഖ വെള്ളിയാഴ്ച കൊറോണ വ്യാപനം ഭയന്ന് വേണ്ടെന്നു വച്ച കുരിശുമല കയറ്റത്തിൽ പങ്കെടുക്കുവാൻ ഇത്തവണ കേരളത്തിൽ നിന്നും പുറം സംസ്ഥാനങ്ങളിൽ നിന്നും പതിനായിരക്കണക്കിന് വിശ്വാസികൾ എത്തിയത് നാട്ടുകാരെ അത്ഭുതപ്പെടുത്തി.
ദു:ഖ വെള്ളിയുടെ തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നല്കാനും കുരിശുമല കയറാനും പീഡാനുഭവ യാത്രയിൽ പങ്കെടുക്കുവാനും ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ എത്തിയത് വിശ്വാസികൾക്ക് പ്രചോദനമായി നേരം പുലരുന്നതിന് മുമ്പ് തന്നെ എഴുകുംവയൽ മലയടിവാരത്തേക്ക് ഒഴുകിയെത്തിയ തീർത്ഥാടക വാഹനങ്ങൾ നിയന്ത്രിക്കുവാനും, പാർക്കു ചെയ്യന്നതിനും ഭാരവാഹികൾ നന്നേ വിഷമിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വകാര്യ ബസുകൾ കുരിശുമലയിലേക്ക് സർവ്വീസ് നടത്തിയത് വിശ്വാസികൾക്കനുഗ്രഹമായി കുരിശുമലയിലെത്തിയ മുഴുവൻ വിശ്വാസികൾക്കും നേർച്ചക്കഞ്ഞിയും കുടിവെള്ളവും വിതരണം ചെയ്യുന്നതിന് കുരിശുമല കമ്മിറ്റി ഭാരവാഹികൾ ശ്രദ്ധിച്ചിരുന്നു. മുഴുവൻ തീർത്ഥാടകർക്കും ഏഷ്യയിലെ ഏറ്റവും വലിയ ക്രൂശിത രൂപവും, തിരുക്കല്ലറയും സന്ദർശിച്ച് പ്രാർത്ഥിക്കുന്നതിന് സാധിക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, അസി. വികാരി ഫാ ജോസഫ് പള്ളി വാതുക്കൽ എന്നിവർ അറിയിച്ചു.