ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര; MVD നടപടി ഇന്ന് മുതൽ, എതിർപ്പ് തുടർന്ന് തൊഴിലാളികൾ


ഓട്ടോറിക്ഷയിൽ മീറ്റർ പ്രവർത്തിപ്പിച്ചില്ലെങ്കിൽ സൗജന്യ യാത്ര’ എന്ന സ്റ്റിക്കർ പതിപ്പിക്കണമെന്ന മോട്ടോർ വാഹന വകുപ്പിന്റെ നടപടി ഇന്ന് മുതൽ നിലവിൽ. എതിർപ്പ് തുടർന്ന് തൊഴിലാളികൾ. സ്റ്റിക്കർ പതിച്ച് സർവ്വീസ് നടത്താൻ തയ്യാറല്ലെന്നാണ് യുണിയനുകളുടെ നിലപാട്. കൊച്ചിയിലെ ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിപ്പിക്കേണ്ടെന്നാണ് സംയുക്ത തൊഴിലാളി യൂണിയന്റെ തീരുമാനം.
മീറ്ററിടുന്നതിന് എതിരല്ല. എന്നാല്‍ മീറ്ററിട്ടില്ലെങ്കില്‍ പണം കൊടുക്കേണ്ട എന്ന രീതിയോട് എതിര്‍പ്പാണെന്ന് ഓട്ടോറിക്ഷാ തൊഴിലാളികള്‍ പറയുന്നു. സ്റ്റിക്കർ പതിപ്പിക്കാൻ എതിരാണെന്നും അതിന് ബുദ്ധിമുട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദേശം. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നായിരുന്നു നടപടി.
‘മീറ്റർ ഇട്ടില്ലെങ്കിൽ പണം നൽകേണ്ടതില്ല’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കണമെന്നാണ് ഉത്തരവ്. ഈ സ്റ്റിക്കർ ഓട്ടോറിക്ഷാ തൊഴിലാളികൾ തന്നെയാണ് പതിക്കേണ്ടത്. മീറ്ററിടാത്ത ഓട്ടോറിക്ഷകള്‍ക്കെതിരേ യാത്രക്കാരുടെ പരാതിയിലും നടപടിയെടുക്കും. മീറ്ററിടാതെ സഞ്ചരിക്കുന്ന ഓട്ടോറിക്ഷയുടെ വീഡിയോയോ ഫോട്ടോയോ സഹിതം യാത്രക്കാര്‍ക്ക് ജോയിന്റ് ആര്‍.ടി.ഒ.മാരുടെ നമ്പറുകളില്‍ പരാതിപ്പെടാൻ സംവിധാനമൊരുക്കിയിട്ടുണ്ട്.