സ്‌കഫോള്‍ഡ് പദ്ധതിദ്വിദിന സംഗമം സംഘടിപ്പിച്ചു


പ്ലസ് വണ്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന ബി.പി.എല്‍. വിഭാഗത്തില്‍പ്പെട്ട ജില്ലയിലെ മിടുക്കരായ കുട്ടികള്‍ക്കായി സമഗ്ര ശിക്ഷാ കേരളം മുഖേന നടപ്പിലാക്കുന്ന സ്‌കഫോള്‍ഡ് പദ്ധതിയുടെ ദ്വിദിന സംഗമവും സ്‌ക്രീനിംഗ് ക്യാമ്പും മൂന്നാര്‍ ശിക്ഷക് സദനില്‍ അഡ്വ. എ. രാജ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ എച്ച്.എസ്.എസ്., വി.എച്ച്.എസ്.ഇ. സ്‌കൂളുകളിലെ പ്ലസ് വണ്‍ കുട്ടികളില്‍ സര്‍വെ നടത്തി മികച്ച അക്കാദമിക റിസള്‍ട്ടിനൊപ്പം സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലം കൂടി പരിഗണിച്ച് നടത്തിയ സ്‌കൂള്‍തല തെരഞ്ഞെടുപ്പില്‍ 487 കുട്ടികള്‍ യോഗ്യത നേടിയിരുന്നു. ഇവരില്‍ നിന്നും കണ്ടെത്തിയ ഏറ്റവും മികച്ച 50 കുട്ടികളാണ് രണ്ട് ദിവസങ്ങളിലായി നടന്ന സ്‌കഫോള്‍ഡ് സംഗമത്തില്‍ പങ്കെടുത്തത്.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന വിവിധ പരിപാടികളിലുള്‍പ്പെടുത്തി പാര്‍ശ്വവല്‍കൃത സമൂഹത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനും നൈപുണ്യ പരിശീലനം, കരിയര്‍ കൗണ്‍സിലിംഗ്, ഇംഗ്ലീഷ് പരിജ്ഞാന കോഴ്‌സുകള്‍, മോട്ടിവേഷന്‍ ക്ലാസ്സുകള്‍ തുടങ്ങിയ പ്രോഗ്രാമുകളിലൂടെ ആശയവിനിമയ കഴിവുകളും വ്യക്തിഗത സവിശേഷകളും വളര്‍ത്തി മികച്ച കരിയര്‍ ഉറപ്പു വരുത്തുവാന്‍ ലക്ഷ്യമിട്ട് ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതിയാണ് സ്‌കഫോള്‍ഡ്.
പരിപാടിയില്‍ എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ.എ. ബിനുമോന്‍, ഡയറ്റ് ഫാക്കല്‍റ്റി അനിരുദ്ധന്‍, സൈക്കോളജിസ്റ്റ് ഷാരോണ്‍ ജോര്‍ജ്, സ്‌മേര ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.