മീറ്റ് ദി മിനിസ്റ്റര്‍, വ്യവസായ വകുപ്പ് മന്ത്രിയുമായി നേരിട്ട് സംവദിക്കാം,നവംബര്‍ 3-ന് മുമ്പ് അപേക്ഷിക്കണം


സംരംഭകരുമായി സംവദിക്കുന്നതിനും, സംരംഭക വര്‍ഷം പദ്ധതി വിലയിരുത്തുന്നതിനുമായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഇടുക്കി ജില്ലയില്‍ സന്ദര്‍ശനം നടത്തും. സംരംഭങ്ങള്‍ ആരംഭിക്കുന്നതും നടത്തികൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് നേരിടുന്ന പ്രശ്നങ്ങള്‍ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന് പരിപാടിയില്‍ പ്രത്യേക അവസരമൊരുക്കും. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണും.
2022-23 ല്‍ സംസ്ഥാനത്ത് ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ലക്ഷ്യമിട്ട് വിവിധ വകുപ്പുകളെ സമ്വന്നയിപ്പിച്ച് ബഹുജന പ്രചാരണവുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ സംരംഭക സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംരംഭകര്‍ക്ക് കൈത്താങ്ങ് നല്‍കുന്നതിനും, നഗരസഭ/പഞ്ചായത്ത് തലത്തിലുള്ള പ്രചാരണ പരിപാടികള്‍ നടത്തുന്നതിനുമായി ഇന്റ്‌റേണുകളെ നിയമിച്ചിട്ടുണ്ട്.
ജില്ലയില്‍ 5007 സംരംഭങ്ങള്‍ ലക്ഷ്യമിട്ടതില്‍ 2037 എണ്ണം ആരംഭിച്ചു കഴിഞ്ഞു. ഇതില്‍ 343 എണ്ണം ഉത്പാദന മേഖലയിലും, 917 എണ്ണം സേവന സംരംഭങ്ങളും, 780 എണ്ണം കച്ചവട സ്ഥാപനങ്ങളുമാണ്. ഇത് വഴി 115 കോടി നിക്ഷേപവും 4300 തൊഴിലവസങ്ങളും ഉണ്ടായിട്ടുണ്ട്. 180 സംരംഭങ്ങള്‍ ആരംഭിച്ച തൊടുപുഴ നഗരസഭയാണ് ഏറ്റവും മുന്നില്‍. 93 സംരംഭങ്ങള്‍ ആരംഭിച്ച നെടുംങ്കണ്ടമാണ് പഞ്ചായത്ത് തലത്തില്‍ മുന്നില്‍.
നവംബര്‍ അവസാന ആഴ്ചയില്‍ നടക്കുന്ന മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയില്‍ മുന്‍കൂട്ടി അനുമതി ലഭിക്കുന്നവര്‍ക്ക് മാത്രമാണ് പ്രവേശനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, ഉന്നയിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളോ പരാതികളോ രേഖാമൂലം തയ്യാറാക്കി നവംബര്‍ 3-ന് മുമ്പായി [email protected] എന്ന ഇമെയില്‍ വിലാസത്തിലോ, താലൂക്ക് വ്യവസായ ഓഫീസുകളിലോ (തൊടുപുഴ/ പീരുമേട് / നെടുംങ്കണ്ടം / അടിമാലി) സമര്‍പ്പിക്കണം.