ഒരു മാസത്തിനടുത്ത് വര്‍ണവസന്തം പകര്‍ന്ന് കള്ളിപ്പാറയില്‍ വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു


രാജകുമാരി: ഒരു മാസത്തിനടുത്ത് വര്‍ണവസന്തം പകര്‍ന്ന് കള്ളിപ്പാറയില്‍ വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു.
പശ്‌ചിമഘട്ട മലനിരയില്‍ വിരുന്നെത്തിയ പൂക്കള്‍ ഇനി ആസ്വദിക്കാന്‍ 12 വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പാണു വേണ്ടത്. കുറച്ചധികം ദിവസങ്ങള്‍ക്കൂടി നീലവസന്തം കാണാന്‍ സാധ്യമാകുവായിരുന്നു എങ്കിലും കനത്ത മഴയില്‍ പൂക്കള്‍ നശിച്ചു. ഇപ്പോഴും മറ്റു സംസ്‌ഥാനങ്ങളില്‍നിന്നടക്കം നിരവധി ആളുകളാണ് കുറിഞ്ഞി പൂക്കള്‍ ഉണ്ടെന്ന ധാരണയില്‍ എത്തുന്നത്. കള്ളിപ്പാറയില്‍ കുറിഞ്ഞി പൂക്കള്‍ ഇല്ലെന്ന അറിയിപ്പ് അധികൃതര്‍ നല്‍കാത്തതില്‍ ജനങ്ങള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.
പഞ്ചായത്തിന്റെ പാസ് വാങ്ങിയശേഷം ദീര്‍ഘ ദൂരം കാല്‍നടയായി മലമുകളിലെത്തുന്ന സഞ്ചാരികള്‍ നിരാശരായി മടങ്ങേണ്ട അവസ്‌ഥയാണ്. ലക്ഷക്കണക്കിന് സഞ്ചാരികളാണു കുറിഞ്ഞി ആസ്വദിക്കാന്‍ കള്ളിപ്പാറയില്‍ എത്തിയത്. ശാന്തന്‍പാറ പഞ്ചായത്ത് ഏര്‍പ്പെടുത്തിയ ടിക്കറ്റ് കൗണ്ടറിലെ കണക്കനുസരിച്ച് നാല്‍പതിനായിരത്തിലധികം ആളുകള്‍ എത്തിയതായാണ് കണക്ക്. കുറിഞ്ഞി പൂത്തതോടെ പ്രതിസന്ധിയില്‍ തകര്‍ന്ന വ്യാപാര മേഖലയ്‌ക്കും ഓട്ടോ ടാക്‌സി മേഖലയ്‌ക്കും സഞ്ചാരികളുടെ വരവ് ഉണര്‍വേകി. കൂടാതെ പ്രതിസന്ധികളില്‍ നട്ടം തിരിഞ്ഞ കെ.എസ്.ആര്‍.ടി.സിക്കും ട്രിപ്പ് വഴി സാമ്ബത്തികനേട്ടമുണ്ടായി.
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി കുറിഞ്ഞിമലയിലേക്ക് കെ.എസ്.ആര്‍.ടി.സി വഴിയാണ് സഞ്ചാരികളെ എത്തിച്ചത്. ഒപ്പം ഇ-ടോയ്‌ലറ്റുകള്‍ ഒരുക്കി സഞ്ചാരികള്‍ക്കായി അടിസ്‌ഥാന സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കി. വനം വകുപ്പ് കുറിഞ്ഞി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ കാണിച്ച് ബോര്‍ഡുകള്‍ സ്‌ഥാപിക്കുകയും വാച്ചര്‍മാരെ നിരീക്ഷണത്തിനായി ഏര്‍പ്പെടുത്തുകയും, പ്ലാസ്‌റ്റിക് ഉത്‌പന്നങ്ങള്‍ കടത്തിവിടാതെ പരിശോധനകളും കൃത്യമായി ഏര്‍പ്പെടുത്തി. പോലീസ് പ്രധാന കവലകളില്‍ ഗതാഗത നിയന്ത്രണവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കാന്‍ പോലീസിനെ വിന്യസിച്ചിരുന്നു