ആവേശം മൂത്ത് പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിനകത്ത് തീപിടിച്ചു
അമരാവതി: സിനിമാ പ്രദര്‍ശനത്തിനിടെ ആവേശം മൂത്ത് പ്രഭാസ് ആരാധകര്‍ പടക്കം പൊട്ടിച്ചതോടെ തിയേറ്ററിനകത്ത് തീപിടിച്ചു
ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ താഡപള്ളിഗുഡെത്തെ തിയേറ്ററിലാണ് സംഭവം. ഇവിടുത്തെ വെങ്കട്ട് രമണ തിയേറ്ററില്‍ പ്രഭാസിന്റെ സിനിമ ‘ബില്ല’യുടെ പുനഃപ്രദര്‍ശനം നടക്കുന്നതിനിടെ ആവേശം മൂത്ത ആരാധകര്‍ പടക്കം പൊട്ടിക്കുകയായിരുന്നു.
പ്രഭാസിന്റെ ജന്മദിനം ആഘോഷിക്കാനാണ് അവര്‍ ഇത്തരമൊരു രീതി സ്വീകരിച്ചത്. എന്നാല്‍ തീയേറ്ററിലെ സീറ്റുകള്‍ക്ക് തീ പിടിക്കുകയായിരുന്നു. തീ പടര്‍ന്നു പിടിച്ചതോടെ ആളുകള്‍ പരിഭ്രാന്തരായി പുറത്തേക്കോടി. ഭാഗ്യവശാല്‍ ആളപായമൊന്നും ഉണ്ടായില്ല. ഒടുവില്‍ തീയേറ്റര്‍ ജീവനക്കാര്‍ കാണികളില്‍ ചിലരുടെ സഹായത്തോടെ തീ അണച്ചു.
പ്രഭാസും അനുഷ്ക ഷെട്ടിയും ഹന്‍സികയും ഒന്നിക്കുന്ന, 2009ല്‍ റിലീസ് ചെയ്ത ‘ബില്ല’ പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ആന്ധ്രാപ്രദേശിലെയും തെലങ്കാനയിലെയും തിയേറ്ററുകളില്‍ വീണ്ടും പ്രദര്‍ശിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലെ മറ്റൊരു കഥാപാത്രവും തന്റെ അമ്മാവനുമായ കൃഷ്ണം രാജുവിന്റെ മരണത്തെത്തുടര്‍ന്ന് പ്രഭാസ് ഈ വര്‍ഷം തന്റെ ജന്മദിനം ആഘോഷിക്കുന്നില്ല.