കയ്പമംഗലത്ത് നിന്നും എംഡിഎംഎ പിടികൂടി പോലീസ്
തൃശൂര്‍: കയ്പമംഗലത്ത് നിന്നും എംഡിഎംഎ പിടികൂടി പോലീസ്. പ്രതികളില്‍ നിന്നും ലഹരി കൈമാറിയ വിദ്യാര്‍ത്ഥികളുടെ പേരുവിവരങ്ങളടങ്ങിയ ലിസ്റ്റ് ഉള്‍പ്പെടെയാണ് പോലീസ് കണ്ടെടുത്തത്.
17നും 25നും ഇടയില്‍ പ്രായമുള്ള അമ്ബതോളം സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളുടെ ലിസ്റ്റായിരുന്നു ഇത്. ലഹരി കടമായി നല്‍കിയവരുടെ പേരുവിവരങ്ങളാണിതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ചെന്ത്രാപ്പിന്നി സ്വദേശി ജിനേഷ്, കൈപ്പമംഗലം സ്വദേശി വിഷ്ണു എന്നിവരാണ് സംഭവത്തില്‍ പിടിയിലായത്.
കയ്പമംഗലത്ത് നിന്നും 15.2 ഗ്രാം എംഡിഎംഎയുമായാണ് പോലീസ് ഇവരെ പിടികൂടിയത്. പോലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞ പ്രതികളെ പിറകെ പിന്തുടര്‍ന്ന് ചെന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടികൂടാന്‍ ശ്രമിക്കവെ എക്സൈസ് സംഘത്തെ ആക്രമിക്കാനും പ്രതികള്‍ ശ്രമിച്ചിരുന്നു. തുടര്‍ന്ന് ഒരു പ്രതിയുടെ കയ്യില്‍ നിന്ന് 3 ഗ്രാം എംഡിഎംഎയും മറ്റൊരാളുടെ കയ്യില്‍ നിന്ന് ശേഷിക്കുന്ന ലഹരിയും പിടിച്ചെടുക്കുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നാണ് ഇവ കേരളത്തിലെത്തിച്ചതെന്ന് പ്രതികള്‍ മൊഴി നല്‍കി.
പ്രതികളുടെ കൈവശമുണ്ടായിരുന്ന ലിസ്റ്റില്‍ ലഹരി കൈമാറിയ കുട്ടികളുടെ പേര്, കൈമാറിയ തിയ്യതി എന്നിവയും ഓരോരുത്തരും എത്ര രൂപ തന്നു, ഇനി തരാനുണ്ട് എന്നീ കാര്യങ്ങളും പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ഗൂഗിള്‍ പേ വഴി പണം നല്‍കിയവരെ പ്രത്യേകം രേഖപ്പെടുത്തിയാണ് ലിസ്റ്റ് തയ്യാറാക്കിയത്. ഇത്തരത്തില്‍ 50 ഓളം കുട്ടികളുടെ പേരുവിവരങ്ങളാണ് പ്രതികളുടെ കയ്യില്‍ ഉണ്ടായിരുന്നത്. ലഹരി ഇടപാടുകള്‍ നടത്തുന്നതിന് വേണ്ടി മാത്രം പ്രതിയുടെ പക്കല്‍ പ്രത്യേകം ഫോണ്‍ ഉണ്ടായിരുന്നു. ഈ നമ്ബര്‍ വഴിയാണ് വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ടിരുന്നതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. ഫോണ്‍ വിശദമായി പരിശോധന നടത്തി ഇടപാടില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുമെന്നും എക്സൈസ് അറിയിച്ചു.