വാടക ഗര്‍ഭധാരണത്തിലൂടെ അമ്മമാരായ ജീവനക്കാര്‍ക്കും പ്രസവാവധി; ഉത്തരവിറക്കി തമിഴ്നാട്
ചെന്നൈ: വാടക ഗർഭധാരണത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ പരിപാലിക്കാൻ വനിതാ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും 270 ദിവസത്തെ പ്രസവാവധി അനുവദിച്ച് തമിഴ്നാട് സർക്കാർ. നിയമപരമായ രജിസ്ട്രേഷൻ, ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെയുള്ള രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും അവധി അനുവദിക്കുക. രണ്ട് കുട്ടികൾക്ക് വരെ അവധി അനുവദിക്കും. കുട്ടിയുടെ ജനനത്തീയതി മുതൽ അവധി അനുവദിക്കും.
സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എല്ലാ വനിതാ ജീവനക്കാർക്കും അവധി ലഭ്യമാകും. വാടക ഗർഭധാരണ പ്രക്രിയയിൽ സ്ത്രീകൾക്ക് ചികിത്സാ സമയം ആവശ്യമില്ലാത്തതിനാൽ സാധാരണ പ്രസവങ്ങൾക്ക് ലഭിക്കുന്ന 375 ദിവസത്തെ പ്രസവാവധി അനുവദിക്കാനാവില്ലെന്നും ഉത്തരവിൽ പറയുന്നു.
2022 ഏപ്രിലിൽ, വാടകഗർഭധാരണത്തിലൂടെ ജനിക്കുന്ന കുട്ടികളെ പരിപാലിക്കാൻ ജീവനക്കാർക്ക് അവധി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. നയൻതാരയും വിഘ്നേഷ് ശിവനും വാടകഗർഭപാത്രത്തിലൂടെ മാതാപിതാക്കളായതോടെയാണ് വിഷയത്തിൽ ചർച്ചകൾ സജീവമായത്.