ലോകത്ത് അടുത്ത പകര്‍ച്ച വ്യാധി വരിക മഞ്ഞില്‍ നിന്നെന്ന് പഠനം
അടുത്ത പകർച്ചവ്യാധി വവ്വാലുകളിൽ നിന്നോ പക്ഷികളിൽ നിന്നോ അല്ല, മറിച്ച് മഞ്ഞ് ഉരുകുന്നതിൽ നിന്നാണ് വരാൻ പോകുന്നതെന്ന് പഠനം. ആർട്ടിക്കിലെ ശുദ്ധജല തടാകമായ ഹെസ്സനിൽ നിന്നുള്ള മണ്ണിന്‍റെയും അവശിഷ്ടങ്ങളുടെയും ജനിതക വിശകലനത്തെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. പകർച്ചവ്യാധികളുടെ അടുത്ത വ്യാപനം ഹിമാനികൾ ഉരുകുന്നതിന് അടുത്തായിരിക്കാം. ഈ പ്രദേശങ്ങളിൽ വൈറസുകളുടെ സാന്നിധ്യം വലിയ തോതിൽ കണ്ടെത്തിയിട്ടുണ്ട്.
ആഗോളതാപനം മൂലമുണ്ടാകുന്ന കാലാവസ്ഥയിലെ മാറ്റങ്ങൾ ഹിമാനികളിൽ കുടുങ്ങിയിട്ടുള്ള വൈറസുകളെ സ്വതന്ത്രമാക്കും. ഇത് വന്യജീവികളിലും പിന്നീട് മനുഷ്യരിലേക്കും പടരും. വടക്കൻ സൈബീരിയയിൽ 2016 ൽ ആന്ത്രാക്സ് പൊട്ടിപ്പുറപ്പെട്ടതിന് സമാനമായിരിക്കാം ഇതെന്നും പഠനം പറയുന്നു.
നിലവിൽ ശീതീകരിച്ചിരിക്കുന്ന വൈറസുകൾ ഉയർത്തുന്ന അപകടസാധ്യത മനസ്സിലാക്കുന്നതിന് ഒട്ടാവ സർവകലാശാലയിലെ ഡോക്ടർ സ്റ്റെഫാനി അരിസ് ബ്രോസോ ഹിമാനികളിൽ നിന്ന് പഠനത്തിന് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചു. ഈ സാമ്പിളുകളിൽ ആർഎൻഎയും ഡിഎൻഎയും ക്രമീകരിച്ച് നടത്തിയ പരിശോധനയില്‍ നിരവധി വൈറസുകളുമായി പൊരുത്തപ്പെടുന്നതായി കണ്ടെത്തുകയും ചെയ്തു. റോയൽ സൊസൈറ്റി ബിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കണ്ടെത്തിയ വൈറസുകളിൽ വലിയൊരു പങ്കും അജ്ഞാതമാണെന്നും പഠനം വിശദീകരിക്കുന്നു. ഈ വൈറസുകൾ ഉണ്ടാക്കുന്ന അണുബാധകളെക്കുറിച്ചും പഠനങ്ങൾ നടക്കുന്നുണ്ട്.