കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: കേരളത്തിൽ വോട്ട് ചെയ്തത് 294 പേര്‍


തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 310 വോട്ടർമാരിൽ 294 പേർ വോട്ട് രേഖപ്പെടുത്തി. പീഡനക്കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ കഴിയുന്ന പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി വോട്ട് ചെയ്യാൻ എത്തിയില്ല.
കണ്ണൂരിൽ നിന്നുള്ള സുരേഷ് എളയാവൂരിന് വോട്ട് ചെയ്യാനായില്ല. പേരിലെ സാങ്കേതിക പ്രശ്നമായിരുന്നു കാരണം. ഷാനിമോൾ ഉസ്മാൻ (ആൻഡമാൻ), നെയ്യാറ്റിൻകര സനൽ (തമിഴ്നാട്), ജോൺസൺ എബ്രഹാം (കർണാടക), രാജ്മോഹൻ ഉണ്ണിത്താൻ (തെലങ്കാന), ഹൈബി ഈഡൻ എന്നിവർ കേരളത്തിനു പുറത്ത് തിരഞ്ഞെടുപ്പുകളുടെ ചുമതലയുള്ളതിനാൽ അതത് സ്ഥലങ്ങളിൽ വോട്ട് ചെയ്തു.
കരകുളം കൃഷ്ണപിള്ളയും, വി.എം സുധീരനും സ്ഥലത്തില്ലാത്തതിനാല്‍ വോട്ട് ചെയ്തില്ല. ടി.എച്ച് മൂസ്ത്ഫ, വയലാർ രവി, പിപി തങ്കച്ചന്‍, കേ.പി വിശ്വനാഥന്‍ എന്നിവരടക്കം 9 പേര്‍ അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.